അമർനാഥിലേത് മേഘസ്ഫോടനമല്ലെന്ന് കാലാവസ്ഥാ വകുപ്പ്

0
73

ശ്രീനഗർ • അമർനാഥ് തീർഥാടന പാതയിൽ വെള്ളിയാഴ്ചയുണ്ടായ പ്രളയദുരന്തത്തിനു കാരണം മേഘസ്ഫോടനമാണെന്ന പ്രാഥമിക വിലയിരുത്തൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തള്ളിക്കളഞ്ഞു. ഗുഹാക്ഷേത്രത്തിനു സമീപമുള്ള മലകളിൽ വെള്ളിയാഴ്ച വൈകുന്നേരം 4.30 നും 6.30 നും ഇടയിൽ രേഖപ്പെടുത്തിയത് 31 മില്ലിമീറ്റർ മഴയാണ്. ഒരു മണിക്കൂറിനുള്ളിൽ 100 മില്ലിമീറ്റർ മഴയെങ്കിലും ലഭിച്ചാലേ മേഘസ്ഫോടനമായി കണക്കാക്കാനാകൂ എന്ന് കാലാവസ്ഥാ വകുപ്പു ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹപത്ര വിശദീകരിച്ചു.

ഇതേസമയം, വെള്ളിയാഴ്ചത്തെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. ബാൽതാലിലെ ബേസ് ക്യാംപിൽ അപ്രതീക്ഷിതമായുണ്ടായ കുത്തൊഴുക്കിൽ ഒലിച്ചുപോയ 21 തീർഥാടകരെ രക്ഷപ്പെടുത്തി. ദുരന്തത്തെ തുടർന്ന് തീർഥാടനം നിർത്തിവച്ചിരുന്നു. കനത്ത മഴയെ തുടർന്ന് കേദാർനാഥ് യാത്രയും നിർത്തിവച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്.

അമർനാഥിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കുടുങ്ങിയ 15,000 തീർഥാടകരെ പഞ്ജതർണിയിലെ ലോവർ ബേസ് ക്യാംപിലേക്കു മാറ്റി. പരുക്കേറ്റ 25 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്ററുകളും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ പരിശീലനം നേടിയ നായ്ക്കളും രംഗത്തുണ്ട്. വിവരങ്ങൾ കൈമാറാൻ അനന്ത്നാഗ്, ശ്രീനഗർ, ന്യൂഡൽഹി എന്നിവിടങ്ങളിൽ ഹെൽപ് ലൈൻ നമ്പറുകളും ഏർപ്പെടുത്തി. തീർഥാടകരെ സഹായിക്കാൻ ബിഎസ്എഫ് സൈനികരുടെ സംഘത്തെ നീൽഗ്രാത്ത് ഹെലിപ്പാഡിൽ സജ്ജമാക്കിയിട്ടുണ്ട്.

തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ വിമാനമാർഗം ശ്രീനഗറിലേക്കു കൊണ്ടുപോയി. ഇവ പിന്നീടു സ്വദേശങ്ങളിലെത്തിക്കുമെന്നു ബിഎസ്എഫ് ഇൻസ്പെക്ടർ ജനറൽ രാജബാബു സിങ് പറഞ്ഞു. സുരക്ഷാ സേനയും ദേശീയ ദുരന്ത നിവാരണ സേനയും നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ജമ്മു കശ്മീർ പൊലീസ് അഡീഷനൽ ഡയറക്ടർ ജനറൽ വിജയ് കുമാർ എത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here