ഭീമവാരം: ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രം ഏതാനും വർഷങ്ങളുടേതോ ഏതാനും വ്യക്തികളുടേതോ അല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സ്വാതന്ത്ര്യപ്പോരാളികൾ സ്വപ്നംകണ്ട പുതിയ ഇന്ത്യ പടുത്തുയർത്താനും എല്ലാ വിഭാഗക്കാർക്കും തുല്യ അവസരങ്ങളുറപ്പാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. തിങ്കളാഴ്ച ആന്ധ്രാപ്രദേശിലെ പെദാമിരാമിൽ സ്വാതന്ത്ര്യസമര സേനാനി അല്ലൂരി ശ്രീരാമ രാജുവിന്റെ 30 അടി ഉയരമുള്ള ഓട്ടുപ്രതിമ അനാവരണംചെയ്തു പ്രസംഗിക്കുകയായിരുന്നു മോദി. 27-ാം വയസ്സിൽ രക്തസാക്ഷിയായ അല്ലൂരിയുടെ 125-ാം ജന്മവാർഷികമായിരുന്നു തിങ്കളാഴ്ച.
സ്വാതന്ത്ര്യപ്പോരാളികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള നയങ്ങളാണ് എട്ടുവർഷമായി തന്റെ സർക്കാർ നടപ്പാക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആന്ധ്രാപ്രദേശ് ഗവർണർ ബിശ്വഭൂഷൺ ഹരിചന്ദൻ, കേന്ദ്ര സാംസ്കാരികമന്ത്രി ജി. കിഷൻ റെഡ്ഡി, മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി, മുൻ കേന്ദ്രമന്ത്രിയും നടനുമായ കെ. ചിരഞ്ജീവി, സംസ്ഥാന സാംസ്കാരികമന്ത്രി ആർ.കെ. റോജ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.