നാല് സുരക്ഷാ ഉദ്യോഗസ്ഥരും 6 കാവൽ നായ്ക്കളും രാപകലില്ലാതെ കാവൽ നിൽക്കുകയാണ് ഒരു മാവിന്റെ ചുവട്ടിൽ. ഇത്രയും വിഐപി മാവോ? ഈ മാവിലെ മാങ്ങകൾ ചില്ലറക്കാരല്ല. രാജ്യാന്തര വിപണിയിൽ ഏറ്റവും വിലപിടിപ്പുള്ള മാങ്ങകളാണ് ഈ മാവിലുള്ളത്. മധ്യപ്രദേശിലെ ജബൽപൂരില്‍ റാണി–സങ്കൽപ് പരിഹാർ ദമ്പതികളുടെ വീട്ടിലാണ് കിലോയിക്ക് രണ്ടര ലക്ഷത്തിലേറെ വിലയുള്ള മിയാസാക്കി മാങ്ങകൾ കായ്ച്ച് നിൽക്കുന്നത്.
മാണിക്യത്തിന് സമാനമായ ചുവപ്പു നിറമാണ് മിയാസാക്കി മാങ്ങകളുടെ പ്രത്യേകത. ജപ്പാനിലെ മിയസാക്കി നഗരത്തിൽ കൃഷിചെയ്യപ്പെടുന്നതിനാലാണ് ഇവയ്ക്ക് ഈ പേര് ലഭിച്ചത്. ‘ എഗ് ഓഫ് ദ സൺ’ എന്നും ഇവയ്ക്ക് വിളിപ്പേരുണ്ട്. രുചിയുടെ കാര്യത്തിലും രാജാവ് തന്നെയാണ് മിയസാക്കി മാങ്ങകൾ.
ലോകത്തിലെതന്നെ ഏറ്റവും വിലപിടിപ്പുള്ള മാങ്ങയാണ് ജപ്പാനിലെ മിയാസാക്കി മാങ്ങകൾ. ചെന്നൈയിലേക്കുള്ള ഒരു ട്രെയിൻ യാത്രയ്ക്കിടെ പരിചയപ്പെട്ട വ്യക്തിയാണ് ദമ്പതികൾക്ക് ഈ വിശേഷപ്പെട്ട മാവിന്റെ തൈ നൽകിയത്. മാങ്ങകളുടെ പ്രാധാന്യം അറിയാതെ അവർ പറമ്പിൽ നടുകയും ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇത്രത്തോളം വിലമതിപ്പുള്ള മാങ്ങകളാണ് ഇവയെന്ന് തിരിച്ചറിഞ്ഞത്. രണ്ട് വർഷം മുൻപ് മാവ് കായ്ച്ചതോടെ അത് വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ വാർത്ത പുറത്തെത്തി മൂന്നു ദിവസത്തിനുള്ളിൽ 14 മാങ്ങകൾ മോഷണം പോയി. ഇതോടെയാണ് കാവലായി സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചത്.