ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ശിവസേനാ വിമതനേതാവ് ഏകനാഥ് ഷിന്ദേയ്ക്കും ഒപ്പമുള്ള എം.എൽ.എമാർക്കും ആശ്വാസം. അയോഗ്യരാക്കാനുള്ള നോട്ടീസിൽ വിശദീകരണം നൽകാനുള്ള സമയം ജൂലൈ 12-ാം തീയതി വൈകിട്ട് 5.30 വരെ സുപ്രീം കോടതി നീട്ടിക്കൊടുത്തു. അയോഗ്യരാക്കാതിരിക്കാനുള്ള കാരണം തിങ്കളാഴ്ച വൈകിട്ട് അഞ്ചരയ്ക്കുള്ളിൽ അറിയിക്കണമെന്നായിരുന്നു നേരത്തെ ഡെപ്യൂട്ടി സ്പീക്കർ നരഹരി സിർവാൾ ആവശ്യപ്പെട്ടിരുന്നത്.
ഷിന്ദേയ്ക്കും 15 വിമത എം.എൽ.എമാർക്കുമാണ് സിർവാൾ, നോട്ടീസ് നൽകിയിരുന്നത്. തുടർന്ന് ഇതിനെ ചോദ്യം ചെയ്ത് ഷിന്ദേ സുപ്രീം കോടതിയെ സമീപിച്ചു. അയോഗ്യതാ നോട്ടീസ് നൽകിയതിലും അജയ് ചൗധരിയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തതിനെയുമാണ് ഷിന്ദേ ഗ്രൂപ്പ് ചോദ്യം ചെയ്തിരുന്നത്. ഇക്കാര്യത്തിലാണ് സുപ്രീംകോടതിയിൽ ഇപ്പോൾ ഇടക്കാല നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. മാത്രമല്ല, വിമത നേതാക്കൾക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്ന് സുപ്രീം കോടതി മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി. പാർദിവാല എന്നിവരിടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയിൽ വാദം കേൾക്കുന്നത് ജൂലൈ 11-ലേക്കും കോടതി മാറ്റിവെച്ചു.
അയോഗ്യരാക്കാനുള്ള നീക്കത്തിനെതിരേ ഏകനാഥ് ഷിന്ദേ നൽകിയ ഹർജിയിൽ ഡെപ്യൂട്ടി സ്പീക്കർ നരഹരി സിർവാൾ, ചീഫ് വിപ്പ് സുനിൽ പ്രഭു, ശിവസേനാ നിയമസഭാ കക്ഷി നേതാവ് അനിൽ ചൗധരി, കേന്ദ്രസർക്കാർ എന്നിവർക്ക് സുപ്രീം കോടതി നോട്ടീസും അയച്ചിട്ടുണ്ട്. അഞ്ചുദിവസത്തിനുള്ളിൽ മറുപടി നൽകാനാണ് നിർദേശം. ഹർജി പരിഗണിക്കവേ, എന്തുകൊണ്ട് ആദ്യം ബോംബൈ ഹൈക്കോടതിയെ സമീപിച്ചില്ലെന്ന് വിമതരുടെ അഭിഭാഷനായ എൻ.കെ. കൗളിനോട് സുപ്രീം കോടതി ആരാഞ്ഞു. വിമതരുടെ വീടുകൾക്കും സ്വത്തുക്കൾക്കും നേരെ ഭീഷണിയുണ്ടെന്നും ബോംബൈയിൽ തങ്ങളുടെ അവകാശങ്ങൾ ലഭ്യമാകുമെന്ന കാര്യത്തിൽ സംശയമുണ്ടാകുന്ന സാഹചര്യമാണെന്നും കൗൾ പറഞ്ഞു.