ന്യൂഡൽഹി• മഹാരാഷ്ട്ര സർക്കാരിൽ ഇപ്പോഴുണ്ടായ പ്രശ്നങ്ങൾ രാഷ്ട്രപതി തിരഞ്ഞെടുപ്പു ലക്ഷ്യം വച്ചുള്ളതാണെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെ. ‘രാഷ്ട്രപതി തിരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള നീക്കമാണു നടക്കുന്നത്. മഹാരാഷ്ട്ര സർക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിൽ ബിജെപിയും കേന്ദ്രസർക്കാരുമാണ് ഉത്തരവാദികൾ. മുന്നണിയിലെ കക്ഷികൾ മഹാവികാസ് അഘാഡിയെ ശക്തിപ്പെടുത്തുമെന്നും ഖർഗെ അഭിപ്രായപ്പെട്ടു.
അതേസമയം, മുന്നണി വിടുന്ന കാര്യം പരിഗണിക്കാമെന്ന ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്റെ നിലപാടിനു പിന്നാലെ കോൺഗ്രസ് നേതാക്കൾ അടിയന്തര യോഗം ചേരുന്നുണ്ട്. മുതിർന്ന നേതാക്കളായ എച്ച്.കെ. പാട്ടീൽ, ബാലാസാഹേബ് തോറാട്ട്, നാനാ പട്ടോൽ, അശോക് ചവാൻ തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. എൻസിപിക്കും റാവുത്തിന്റെ പരാമർശത്തിൽ അതൃപ്തിയുണ്ട്.