ഇറാന്‍ ആണവ ശേഷി വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ പടക്കോപ്പുകളിലും പോര്‍വിമാനങ്ങളിലും വലിയ തോതില്‍ മാറ്റങ്ങള്‍ വരുത്തി ഇസ്രയേല്‍. പുതിയ എഫ് 35 പോര്‍വിമാനങ്ങള്‍ക്ക് ഇസ്രയേലില്‍ നിന്നും ഇറാനിലേക്ക് ഇന്ധനം ഇടക്കുവെച്ച് നിറക്കാതെ പറക്കാനാവും. ഇസ്രയേല്‍ പ്രധാനമന്ത്രി തന്നെ ഇറാനെതിരെ പോര്‍വിളിയുമായി രംഗത്തെത്തിയ സാഹചര്യത്തില്‍ പുതിയ നീക്കങ്ങള്‍ യുദ്ധഭീതി വര്‍ധിപ്പിക്കുന്നതാണ്.
അദിര്‍ എന്ന് വിളിക്കുന്ന എഫ് 35എസ് പോര്‍വിമാനങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന പുതിയ ആണവ ബോംബും ഇസ്രയേല്‍ വികസിപ്പിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. റഫേല്‍ അഡ്വാന്‍സ്ഡ് വെപ്പണ്‍ സിസ്റ്റംസാണ് ഈ ബോംബ് നിര്‍മിച്ചത്. ഇതിന്റെ പ്രവര്‍ത്തനം ജാമറുകളോ മറ്റ് ഇലക്ട്രോണിക് ആയുധങ്ങളോ ഉപയോഗിച്ച് തടയാനാവില്ല. ഇസ്രയേലി വ്യോമസേന അടുത്തിടെ നടത്തിയ പല സൈനികാഭ്യാസങ്ങളിലും ഈ ബോംബ് ഉപയോഗിക്കുന്നത് അടക്കം പരിശീലനം നടത്തിയിരുന്നു. ഇതിന്റെ ഫലം അടക്കം പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സിന് സമര്‍പ്പിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ മാസം മാത്രം നാല് വന്‍കിട സൈനികാഭ്യാസങ്ങളാണ് ഇസ്രയേലി വ്യോമസേന നടത്തിയത്. ഇതില്‍ ആദ്യത്തേതില്‍ ഇറാന്റെ ആണവ ശേഖരങ്ങളെ സംരക്ഷിക്കുന്ന റഡാറുകളെ മറികടക്കുന്നത് അടക്കം ഉള്‍പ്പെടുത്തിയിരുന്നു. പോര്‍വിമാനങ്ങളുടെ ദീര്‍ഘദൂര യാത്രകള്‍ രണ്ടാം സൈനികാഭ്യാസത്തിലുണ്ടായിരുന്നു. സൈബര്‍ ആയുധങ്ങള്‍ക്കെതിരെയും ഇലക്ട്രോണിക് ആയുധങ്ങള്‍ക്കെതിരെയുമുള്ള പ്രതിരോധവും പിന്നീട് നടന്ന സൈനികാഭ്യാസങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇവയെല്ലാം തന്നെ ഇറാനെതിരെ വ്യക്തമായ മുന്നറിയിപ്പാണ് നല്‍കുന്നത്.