വിദേശ തൊഴിലാളികളുടെ നിയമനം പ്രോത്സാഹിപ്പിച്ച് ഒമാൻ;

0
73

സ്വകാര്യ മേഖലയെ (Private sector) പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിദേശ തൊഴിലാളികളെ (Foreign workers) നിയമിക്കുന്നതിന് കമ്പനികൾ നൽകേണ്ട റിക്രൂട്ട്‌മെന്റ് ഫീസിൽ (Recruitment fees) ഒമാൻ (Oman) അധികൃതർ കുറവ് വരുത്തി. കോവിഡ്-19 (Covid-19) മഹാമാരിയെ തുടർന്ന് പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥയെ (economy) പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, മഹാമാരിയുടെ സമയത്ത് ഏകദേശം 300,000 ത്തോളം വിദേശ തൊഴിലാളികളാണ് ഒമാൻ വിട്ടു പോയത്. സ്വകാര്യ മേഖലയിലുള്ള കമ്പനികൾ ബിസിനസ്സ് നിലനിർത്താൻ കഴിയാതെ പ്രതിസന്ധിയിലായതും ചെലവ് ചുരുക്കലിന്റെ ഭാ​ഗമായി കമ്പനികളിൽ പലതും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചതുമാണ് കാരണം. മഹാമാരി കാലത്ത്, വിദേശ തൊഴിലാളികൾക്ക് പകരം ഒമാനി ഉദ്യോ​ഗാർത്ഥികളെ നിയമിക്കാൻ തൊഴിൽ മന്ത്രാലയം സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിച്ചിരുന്നു. ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2021 അവസാനത്തോടെ ഒമാനി ഉദ്യോ​ഗാർത്ഥികളുടെ എണ്ണം ഏകദേശം 70,000 ത്തോളം ആയിരുന്നു. എന്നാൽ, ഈ നീക്കത്തെ വിമർശിക്കുന്നവരുമുണ്ട്.

300,000 പ്രവാസികൾക്ക് പകരം 100,000 ൽ താഴെ ഒമാനികളെ നിയമിച്ചതു കൊണ്ട് എന്ത് കാര്യം എന്ന് മന്ത്രാലയത്തിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായ മുനീർ അൽ ഫലാഹി ചോദിക്കുന്നു.“മഹാമാരി കാരണം മുഴുവൻ പ്രവാസികളെയും ഒഴിവാക്കേണ്ടി വന്നിട്ടില്ല, ഉയർന്ന പ്രവാസി റിക്രൂട്ട്‌മെന്റ് ഫീസ് കാരണം പല കമ്പനികളും ബുദ്ധിമുട്ടിയിരുന്നു. അങ്ങനെയുള്ളവർക്ക് ഇവരെ വിട്ടയച്ചുകൊണ്ട് അവരുടെ ചെലവ് കുറയ്ക്കേണ്ടി വന്നു” അദ്ദേഹം പറഞ്ഞു.

കമ്പനികൾക്ക് വീണ്ടും വിദേശ ജീവനക്കാരെ നിയമിക്കുന്നത് എളുപ്പമാക്കുന്നതിന്, ജൂൺ മുതൽ റിക്രൂട്ട്‌മെന്റ് ഫീസിൽ ഗണ്യമായ കുറവ് വരുത്തുകയാണെന്ന് കഴിഞ്ഞ മാസം മന്ത്രാലയം അറിയിച്ചിരുന്നു. ഇത്, ജോലിയെ ആശ്രയിച്ച് ഓരോ തൊഴിലാളിയുടെയും കാര്യത്തിൽ, 4,000 റിയാലിൽ (10,390 ഡോളർ) നിന്നും 121 റിയാൽ വരെ കുറവ് വന്നിട്ടുണ്ട്.

സ്വകാര്യ കമ്പനികളിൽ സ്വദേശികളെ നിയമിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പ്രത്യേക പദ്ധതിയും സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം ഒരു സ്വകാര്യ കമ്പനി നിയമിക്കുന്ന ഓരോ ഒമാനിക്കു വേണ്ടിയും 12 മാസത്തേക്ക് പ്രതിമാസം 150 റിയാൽ വീതം സർക്കാർ നൽകും. കൂടാതെ, മൊത്തം തൊഴിലാളികളിൽ കുറഞ്ഞത് 30 ശതമാനത്തോളം ഒമാനികളുള്ള കമ്പനികൾക്ക് വിദേശ ജീവനക്കാരെ നിയമിക്കുമ്പോൾ റിക്രൂട്ട്‌മെന്റ് ഫീസിൽ 30 ശതമാനം അധിക കിഴിവും ലഭിക്കും. ഈ തുക ഒമാനികളായ യുവാക്കളുടെ പരിശീലനത്തിന് തൊഴിലുടമകളെ സഹായിക്കുമെന്ന് മന്ത്രാലയം പറഞ്ഞു.

വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ഫീസ് കുറച്ചതിനെ കമ്പനികൾ സ്വാഗതം ചെയ്തു. “പ്രവാസി റിക്രൂട്ട്‌മെന്റ് ഫീസിന്റെ ഉയർന്ന ചെലവ് താങ്ങാൻ കഴിഞ്ഞിരുന്നില്ല, ഇത് നൽകാൻ ഞങ്ങൾ ശരിക്കും പ്രയാസപ്പെട്ടിരുന്നു. ഫീസ് വെട്ടിക്കുറച്ചതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു, ഇത് ഞങ്ങൾക്ക് ആശ്വാസമാണ്,” അൽ ബത്‌ന കൺസ്ട്രക്ഷൻസ് ഡയറക്ടർ മുസ്തഫ ഹുസൈൻ പറഞ്ഞു.

ഒമാനികളെ നിയമിക്കുന്നതിന് സാമ്പത്തികമായി പ്രോത്സാഹനം നൽകാനുള്ള സർക്കാരിന്റെ തീരുമാനത്തെയും ബിസിനസ്സ് ഉടമകൾ പ്രശംസിച്ചു. “ഞങ്ങൾക്ക് ഇപ്പോൾ രണ്ട് പ്രോത്സാഹനങ്ങളാണ് ഒരുമിച്ച് ലഭിക്കുന്നത്. വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ഫീസ് വെട്ടിക്കുറച്ചു മാത്രമല്ല ഞങ്ങൾ ഒമാനികളെ നിയമിച്ചാൽ പ്രതിമാസം സാമ്പത്തിക സഹായവും ലഭിക്കും, തൊഴിലുടമകൾക്കും ജോലി അന്വേഷിക്കുന്ന ഒമാനികൾക്കും ഇത് ഒരു മികച്ച അവസരമാണ് ”ലദീദ് റെസ്റ്റോറന്റ് ശൃംഖല നടത്തുന്ന റഷാദ് അൽ ഹുമൈദാനി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here