നീർപ്പാലത്തിൽ കുടുങ്ങും ഉയരം കൂടിയ വാഹനങ്ങൾ

0
54

ഉതിമൂട് • ഒരു ചാൺ വയർ നിറയ്ക്കാനും കുടുംബം പോറ്റാനും ഉയരം കൂടിയ വാഹനങ്ങളിൽ വളയം പിടിക്കുന്നവന്റെ നിസ്സഹായവസ്ഥ നേരിൽ കാണാൻ വലിയകലുങ്കിൽ എത്തിയാൽ മതി. 1,000 കോടിയോളം രൂപ ചെലവഴിച്ച് ഉന്നത നിലവാരത്തിൽ നിർമിക്കുന്ന പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിൽ നേരിടുന്ന ദുരവസ്ഥ ഇനിയെങ്കിലും സർക്കാർ കണ്ടില്ലെന്നു നടിക്കരുത്. പമ്പാ ജലസേചന പദ്ധതിയുടെ (പിഐപി) നീർപ്പാലം സംസ്ഥാന പാതയ്ക്കു കുറുകെ നിർമിച്ചിട്ടുള്ളതാണ് ഇപ്പോൾ കെണിയായത്. റോഡിന്റെ ഉപരിതലവും നീർപ്പാലവും തമ്മിൽ ഉയരം കുറവാണ്.

കണ്ടെയ്നർ പോലുള്ള ഉയരം കൂടിയ വാഹനങ്ങൾ ഇതുവഴി എത്തിയാൽ നീർപ്പാലത്തിൽ കുടുങ്ങും. വൈക്കോൽ കയറ്റിയ ലോറി എത്തിയാലും ഇതേ കാഴ്ചയാണ്. കഴിഞ്ഞ ദിവസവും ലോറി കുടുങ്ങിയിരുന്നു. ചക്രങ്ങളിലെ വായു മർദം കുറച്ചാണ് പിന്നീട് ലോറി കുരുക്കിൽ നിന്ന് രക്ഷപ്പെടുത്തിയത്.

നീർപ്പാലത്തിന്റെ ഉയരം കൂട്ടാനും പൊളിച്ചു നീക്കാനും കഴിയില്ല. മേൽപാലം നിർമിക്കുക മാത്രമാണ് പരിഹാരം. പുനലൂർ–മൂവാറ്റുപുഴ പാതയുടെ ഭാഗമായ കോന്നി–പ്ലാച്ചേരി റോഡ് 300 കോടി രൂപ ചെലവഴിച്ചാണ് വികസിപ്പിക്കുന്നത്. ഇതിനായി രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കിയപ്പോൾ മേൽപാലത്തെപ്പറ്റി ആരും ചിന്തിച്ചില്ല.

അടുത്തിടെ മന്ത്രി മുഹമ്മദ് റിയാസ് റാന്നിയിലെത്തിയപ്പോൾ പ്രമോദ് നാരായൺ‌ എംഎൽഎയും മുൻ എംഎൽഎ രാജു ഏബ്രഹാമും മേൽപാലം നിർമിക്കേണ്ടആവശ്യകത മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇതേപ്പറ്റി പരിശോധന നടത്താൻ‌ മന്ത്രി കെഎസ്ടിപി അധികൃതരെ ചുമതലപ്പെടുത്തിയതാണ്. എന്നാൽ പിന്നീട് നടപടിയുണ്ടായില്ല.

എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലൂടെ കടന്നുപോകുന്ന സംസ്ഥാന പാതയാണിത്. റോഡ് വികസനം പൂർത്തിയാകുന്നതോടെ ഇതിലെ വാഹനത്തിരക്കേറും. ഉയരം കൂടിയ കണ്ടെയ്നറുകളും ഇതിലെ തുടരെ എത്തും. അവയെല്ലാം പാതിവഴിയിൽ ഓട്ടം അവസാനിപ്പിക്കേണ്ടിവരും. അതിനുള്ള അവസരം ഒരുക്കാതെ സർക്കാർ ഇടപെട്ട് മേൽപാലം പണിയണം.

LEAVE A REPLY

Please enter your comment!
Please enter your name here