അഹമ്മദാബാദ്; സ്വയം വിവാഹം കഴിക്കാൻ തീരുമാനിച്ച ക്ഷമ ബിന്ദുവിനെതിരെ വിമർശനവുമായി ബിജെപി അഹമ്മദാബാദ് സിറ്റി യൂണിറ്റിന്റെ ഡെപ്യൂട്ടി ചീഫ് സുനിത ശുക്ല. ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കാനാണ് ക്ഷമ ഉദ്ദേശിക്കുന്നത് എങ്കിൽ അതിന് സമ്മതിക്കില്ല എന്നായിരുന്നു സുനിത ശുക്ല പറഞ്ഞത്. ഇത്തരം വിവാഹങ്ങൾ ഹിന്ദുമതത്തിന് എതിരാണെന്നും ബിന്ദുവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ശുക്ല കൂട്ടിച്ചേർത്തു.
“ക്ഷേത്രം പോലുള്ള സ്ഥലങ്ങളാണ് ഇത്തരം കല്യാണത്തിന് തിരഞ്ഞെടുക്കുന്നതെങ്കിൽ ഞങ്ങൾ തടയും. അവളെ ഒരു ക്ഷേത്രത്തിലും വിവാഹം കഴിക്കാൻ അനുവദിക്കില്ല. ഇത്തരം വിവാഹങ്ങൾ ഹിന്ദുമതത്തിന് എതിരാണ്. ഇത് ഹിന്ദുക്കളുടെ ജനസംഖ്യ കുറയ്ക്കും. മതത്തിന് വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചാൽ, ഒരു നിയമവും നിലനിൽക്കില്ല.” എന്നായിരുന്നു സുനിത ശുക്ലയുടെ വാക്കുകൾ. അതേ സമയം ജൂണ്‍ 11ന് ഹിന്ദു ആചാരപ്രകാരം താന്‍ സ്വയം വിവാഹം ചെയ്യുമെന്നാണ് ക്ഷമ അറിയിച്ചിരിക്കുന്നത്. ഇതിന് തന്‍റെ അമ്മ അനുവാദം നല്‍കിയിട്ടുണ്ടെന്നും ക്ഷമ അറിയിക്കുന്നു.