അവിവാഹിതയായ മകൾക്ക് ജീവിതച്ചെലവിന് ഉപാധിയില്ലെന്നപേരിൽ ജീവനാംശം അവകാശപ്പെടാനാകില്ല: ഹൈക്കോടതി

0
53

കൊച്ചി: പ്രായപൂർത്തിയെത്തിയ  അവിവാഹിതയായ മകൾക്ക്  ജീവിതച്ചെലവിന് ഉപാധിയില്ലെന്ന പേരിൽ ജീവനാംശം അവകാശപ്പെടാനാവില്ലെന്ന്‌ ഹൈക്കോടതി. സി.ആർ.പി.സി. 125(1) പ്രകാരമുള്ള വ്യവസ്ഥ ചൂണ്ടിക്കാണിച്ചാണ് ഉത്തരവ്. ശാരീരികമോ, മാനസികമോ ആയ വെല്ലുവിളി നേരിടുന്നുണ്ടെങ്കിൽ മാത്രമേ ജീവനാംശം അവകാശപ്പെടാനാകൂ. ഇത് വ്യക്തമാക്കുന്ന തെളിവുകള്‍ ആവശ്യമാണെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.

തിരുവനന്തപുരം സ്വദേശി നല്‍കിയ റിവിഷന്‍ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. പരാതി ഫയൽചെയ്ത 2016 ജൂലായ് മുതൽ ഭാര്യയ്ക്ക് 10,000 രൂപയും 17 വയസ്സുള്ള മകൾക്ക് 8000 രൂപയും മാസംതോറും ജീവനാംശം നൽകാൻ കുടുംബക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യംചെയ്ത്‌ നൽകിയ റിവിഷൻ ഹർജിയാണ്‌ ഹൈക്കോടതി പരിഗണിച്ചത്.

മകൾക്ക് പ്രായപൂർത്തിയാകുന്നതുവരെ 8000 രൂപ നൽകാൻ നിർദേശിച്ച ഹൈക്കോടതി ഭാര്യയ്ക്ക് 10,000 രൂപ അനുവദിച്ചതു ശരിവെച്ചു. മകൾക്ക് 2017-ൽ 18 വയസ്സായത് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.

ഹിന്ദുമതത്തിൽപ്പെട്ട അവിവാഹിതയായ പെൺ‍കുട്ടി ജീവനാംശത്തിനായി ഇതുമായി ബന്ധപ്പെട്ട 1956-ലെ നിയമപ്രകാരമാണ് അപേക്ഷിക്കേണ്ടതെന്നെന്നായിരുന്നു ഹർജിക്കാരന്‍റെ വാദം.

വിവാഹം കഴിക്കുന്നതുവരെ ഹിന്ദുവായ മകൾക്ക് പിതാവിൽനിന്ന് ജീവനാംശത്തിന് അർഹതയുണ്ടെന്നും എന്നാൽ, തന്റെ ജീവിതച്ചെലവ് സ്വയം വഹിക്കാൻ കഴിയില്ലെന്ന് അവർ തെളിയിക്കണമെന്നും കോടതി പറഞ്ഞു. ഈ അവകാശം സ്ഥാപിക്കാൻ 1956-ലെ നിയമത്തിന്റെ 20-ാം വകുപ്പ് പ്രകാരമാണ് കേസ് നൽകേണ്ടതെന്നും കോടതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here