കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കേരളത്തിലെ മൂന്ന് മുന്നണികളെയും വെല്ലുവിളി ആംആദ്മി പാര്‍ട്ടി. മൂന്ന് മുന്നണികളോടും കരുതിയിരുന്നോളാനാണ് എഎപിയുടെ മുന്നറിയിപ്പ്. കേരളത്തില്‍ സജീവ പ്രവര്‍ത്തനവുമായി എഎപി രംഗത്തിറങ്ങാന്‍ പോവുകയാണെന്നുള്ള സന്ദേശമാണ് ഇതിലൂടെ ലഭിക്കുന്നത്. എതിരാളികളെ കുറ്റം പറഞ്ഞ് മാത്രം നേരിടാവുന്ന അവസാന ഇലക്ഷനും കഴിഞ്ഞിരിക്കുന്നു. ഇനി രാഷ്ട്രീയ പാര്‍ട്ടികളുടെ പോരാട്ടം നേരിന്റെയും, നന്മയുടെയും പക്ഷത്ത് നിന്ന് പോരാടുന്ന ആംആദ്മി പാര്‍ട്ടിയോടാണ്. കേരളത്തിലെ ജനങ്ങളോടാണെന്നും എഎപി കുറിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ ഔദ്യോഗിക പേജിലാണ് വെല്ലുവിളി.
നേരത്തെ തൃക്കാക്കരയില്‍ എഎപിയും ട്വന്റിയും ചേര്‍ന്ന് സഖ്യമുണ്ടാക്കി മത്സരിക്കുമെന്നായിരുന്നു രാഷ്ട്രീയ ലോകം കരുതിയത്. എന്നാല്‍ മത്സരിക്കേണ്ടതില്ലെന്ന് ഇരുപാര്‍ട്ടികളും തീരുമാനിക്കുകയായിരുന്നു. ട്വന്റി ട്വന്റി മത്സരിച്ചിരുന്നെങ്കില്‍ തൃക്കാക്കരയിലെ ഫലം ഇതാവില്ലെന്ന് നേരത്തെ സാബു എം ജേക്കബ് പറഞ്ഞിരുന്നു. തീര്‍ച്ചയായും മണ്ഡലത്തില്‍ നിരവധി പേര്‍ ഈ രണ്ട് മുന്നണികളെയും മടുത്തവരുണ്ട്. അവര്‍ക്ക് വേറെ ഓപ്ഷനില്ലാത്തത് കൊണ്ടാണ് യുഡിഎഫ് വോട്ട് ചെയ്തതെന്നും, അല്ലാതെ സഹതാപ തരംഗമല്ലെന്നും സാബു വ്യക്തമാക്കി. അതേസമയം സഖ്യം ശക്തമായി തന്നെ ഇനി മുന്നോട്ട് പോകുമെന്ന പ്രഖ്യാപനം കൂടിയാണ് എഎപി നടത്തുന്നത്.
പഞ്ചാബിലെ വിജയത്തിന് ശേഷം ദേശീയ തലത്തില്‍ തന്നെ വ്യാപിക്കാനുള്ള ശ്രമത്തിലാണ് എഎപി. നേരത്തെ അരവിന്ദ് കെജ്രിവാള്‍ നേരിട്ട് കേരളത്തിലെത്തിയിരുന്നു. തൃക്കാക്കര തിരഞ്ഞെടുപ്പ് ഭരണത്തിനെ സ്വാധീനിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് എഎപി സഖ്യമായി മത്സരിക്കാതിരുന്നത്.