പാലക്കാട് • വീടു പുലർത്താനും അമ്മയെ നോക്കാനും ജോലി ചെയ്തു ‘പഠിച്ച’ സി.എസ്.രമ്യയെന്ന പാലക്കാട്ടുകാരി കഠിനാധ്വാനത്തിനൊടുവിൽ നേടിയത് സിവിൽ സർവീസസ് പരീക്ഷയിൽ 46–ാം റാങ്ക്. ഇത്തവണത്തെ പട്ടികയിൽ മലയാളികളിൽ രണ്ടാമത്. എന്നാൽ കോയമ്പത്തൂരിലായതിനാൽ നേട്ടം കേരളത്തിൽ അറിയാൻ വൈകി.
പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ആർ.മുത്തുലക്ഷ്മിയുടെയും നെന്മാറ സ്വദേശി പരേതനായ ആർ.ചന്ദ്രശേഖരന്റെയും ഏകമകളാണ് രമ്യ. വർഷങ്ങളായി കോയമ്പത്തൂരിലെ രാംനഗർ കാട്ടൂരിലാണ് താമസം. വീട്ടുചെലവിനും പഠനത്തിനുമായി ഡേറ്റാ എൻട്രി, ഡേറ്റാ കലക്‌ഷൻ ഉൾപ്പെടെ വിവിധ ജോലികൾ ചെയ്തു. ഈ വരുമാനം കൊണ്ടായിരുന്നു ജീവിതവും പഠനവും. അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടിവന്നു.
2015ലാണു ആദ്യമായി സിവിൽ സർവീസസ് പരീക്ഷ എഴുതിയത്. പ്രിലിമിനിറി കടന്നെങ്കിലും മെയിൻസിൽ തട്ടിവീണു. പിന്നീട് മെയിൻസും പാസായെങ്കിലും ഇന്റർവ്യൂവിൽ പരാജയപ്പെട്ടു. പണം തികയാത്തതിനാൽ ആദ്യ രണ്ടുവർഷം പരിശീലനത്തിനു പോകാനായില്ലെന്നു രമ്യ പറയുന്നു. പിന്നീട് ആമസോണിൽ ജോലിക്കു ചേർന്നെങ്കിലും പഠിക്കാൻ സമയം കിട്ടാതെ വന്നപ്പോൾ ആ ജോലി ഉപേക്ഷിക്കേണ്ടിവന്നു. കുടുംബം നോക്കാൻ തുടർന്നും ചെറിയ ജോലികൾ ചെയ്തു. ഇക്കുറി ആറാം ശ്രമത്തിലാണു സിവിൽ സർവീസ് നേട്ടം. തമിഴ്നാട് സംസ്ഥാന തലത്തിലും രമ്യയ്ക്കു രണ്ടാം റാങ്കാണ്.
കുട്ടിക്കാലം മുതൽ പഠനത്തിൽ മികവു പുലർത്തിയിരുന്ന രമ്യയ്ക്കു പത്താം ക്ലാസിൽ തമിഴ്നാട്ടിൽ രണ്ടാം റാങ്കുണ്ടായിരുന്നു. എൻജിനീയറിങ് ഡിപ്ലോമ (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ) സ്വർണ മെഡലോടെയും ബിടെക് (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്) മികച്ച ഔട്ട്സ്റ്റാൻഡിങ് സ്റ്റുഡന്റ് എന്ന നിലയിലും പാസായി. ഇഗ്നോയിൽനിന്ന് എംബിഎയും പൂർത്തിയാക്കി. ഐഎഫ്എസ് തിരഞ്ഞെടുക്കാനാണു താൽപര്യം.