കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്ന സാഹചര്യം പരിശോധിക്കുന്നു, ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഒമിക്രോൺ അല്ലാതെ മറ്റ് വകഭേദങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിക്കരുത്. കുട്ടികൾ മാസ്‌ക് ധരിക്കണം. കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
പ്രതിദിന കൊവിഡ് കേസുകൾ ഇന്നലെ ഏറ്റവും കൂടുതൽ കേരളത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. 1197 പേർക്കാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്. മാർച്ച് പതിനഞ്ചിന് ശേഷം കൊവിഡ് കേസുകൾ ആയിരം കടക്കുന്നത് ഇതാദ്യമായാണ്. അഞ്ച് മരണമാണ് ഇന്നലെ റിപ്പോർട്ട് ചെയ്‌തത്. 644 പേർ രോഗമുക്തി നേടി.
ഈ മാസം ആദ്യം മുതൽ കേരളത്തിലെ കൊവിഡ് കണക്ക് വർധിക്കുകയാണ്. ഈ മാസം ഒന്നാംതീയതി 250 പേർക്ക് മാത്രമായിരുന്നു കൊവിഡ് ബാധിച്ചതെങ്കിൽ മാസാവസാനമായതോടെ അത് 1197ൽ എത്തിയിരിക്കുകയാണ്
മെയ് പതിമൂന്നാം തീയതിയോടെ പ്രതിദിന കൊവിഡ് കേസുകൾ 500 കടന്നിരുന്നു. 25-ാം തീയതിയായതോടെ അത് 783ൽ എത്തി. 27, 28, 29 തീയതികളിൽ 800ന് മുകളിലായിരുന്നു കൊവിഡ് കണക്ക്. അതാണിപ്പോൾ 1000 കടക്കുന്ന അവസ്ഥയിലേക്കെത്തിയത്. വീണ്ടും ജാഗ്രത കടുപ്പിക്കണമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.