ജയ്പൂര്‍: രാജസ്ഥാനില്‍ ബിജെപിയെ തടഞ്ഞുനിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസി. വലിയതരത്തിലുള്ള ഭരണവിരുദ്ധ വികാരവും ദുര്‍ഭരണവും രാജസ്ഥാനില്‍ ഉണ്ടെന്നും ഉവൈസി പറഞ്ഞു.
ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് അവരുടേതായ രാഷ്ട്രീയ നേതൃത്വം ഉണ്ടായിരിക്കണം, അങ്ങനെ വര്‍ഗീയത കുറയുകയും ജനാധിപത്യത്തില്‍ ആത്മവിശ്വാസം വളരുകയും നിയമവാഴ്ച ശക്തിപ്പെടുത്തുകയും ചെയ്യണമെന്നുമാണ് താന്‍ വിശ്വസിക്കുന്നതെന്നും ഉവൈസി പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പരാമര്‍ശം.
കോണ്‍ഗ്രസിനും ബിജെപിക്കും പുറമെ രാജ്‌സഥാനില്‍ രാഷ്ട്രീയ വ്യാപ്തിയും ഇടവുമുണ്ടെന്നും അതുകൊണ്ടാണ് ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയും രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയും പോലുള്ള ചില പാര്‍ട്ടികള്‍ ഇവിടെ വിജയിച്ചതെന്നും ഉവൈസി പറഞ്ഞു. കോണ്‍ഗ്രസിനും ബിജെപിക്കും പുറമെ രാജസ്ഥാനിലെ ജനങ്ങള്‍ക്ക് രാഷ്ട്രീയ ശബ്ദം ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഇന്നത്തെ കാലത്ത് ഉണ്ടെന്ന് താന്‍ കരുതുന്നതായും ഉവൈസി പറഞ്ഞു. തങ്ങള്‍ കഴിയുന്നത്ര സീറ്റുകളില്‍ രാജസ്ഥാനില്‍ മത്സരിക്കുമെന്നും തിരഞ്ഞെടുപ്പിനോട് അടുത്തെത്തുമ്പോള്‍ മാത്രമേ സീറ്റുകളുടെ എണ്ണം പറയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.