തിരുവനന്തപുരം: സഭയിൽ ബുധനാഴ്ചയുണ്ടായ സംഭവങ്ങൾ നിർഭാഗ്യകരമെന്ന് സ്പീക്കർ എ.എൻ ഷംസീർ. ഇന്നലെ നടന്ന സംഭവത്തിൽ ഗൗരവകരമായ പരിശോധന കക്ഷിനേതാക്കൾക്കിടയിൽ നടന്നിട്ടുണ്ടെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. വ്യാഴാഴ്ച പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സ്പീക്കർ ചോദ്യോത്തരവേള സസ്പെൻഡ് ചെയ്തു.
എം.എൽ.എമാർ സഭയ്ക്കുള്ളിലെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് പ്രചരിപ്പിച്ചിനെയും സ്പീക്കർ വിമർശിച്ചു. മൊബൈൽ ഫോൺ റെക്കോഡിങ് സഭയിൽ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം നിലവിലുണ്ട്. എന്നാൽ അത്തരം നടപടികളിലേക്ക് താൻ പോയിട്ടില്ലെന്നും സ്പീക്കർ ഓർമിപ്പിച്ചു. അതേസമയം സഭ ടി.വിയുടെ പ്രവർത്തനം ഏകപക്ഷീയമാണെന്ന് പ്രതിപക്ഷ നേതാവ് മറുപടി നൽകി. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ പോലും മന്ത്രിമാരുടെ മുഖമാണ് സഭ ടി.വി കാണിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ നിരന്തരമായി ഹനിക്കപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.