പഴയങ്ങാടി: കണ്ണൂര്‍ ജില്ലയിലെ പൊലിസ് സേനയ്ക്ക് നാണക്കേടുണ്ടാക്കി കഞ്ചാവ് കേസിലെ പ്രതികളില്‍ നിന്ന് വാഹനം വിട്ടു കിട്ടുന്നതിനായി കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. പഴയങ്ങാടി സി ഐ എം.ഇ രാജഗോപാല്‍, എസ് ഐ പി.ജി ജിമ്മി, ഗ്രേഡ് എസ് ഐ ശാര്‍ങധരന്‍ എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍.
ഇളങ്കോവാണ് മൂന്നുപേര്‍ക്കെുമെതിരെ വകുപ്പു തല അന്വേഷണത്തിനു ശേഷം നടപടി സ്വീകരിച്ചത്. മൂന്ന് പൊലിസുകാര്‍ 60,000 രൂപ അനര്‍ഹമായി കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. കഞ്ചാവ് കേസിലെ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയതാണ് നടപടിക്ക് കാരണമായത്. കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുനല്‍കാന്‍ പൊലീസുകാര്‍ 60,000 രൂപ ഇടനിലക്കാരന്‍ മുഖേനെ കൈക്കൂലി വാങ്ങിയെന്നാണ് പരാതി.
ഇതില്‍ നിന്നും വലിയൊരു സംഖ്യ അടിച്ചുമാറ്റിയത് ഇടനിലക്കാരനാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. നേരത്തെ മോഷണ കേസിലെ പ്രതിയുടെ എ.ടി. എം കാര്‍ഡ് തട്ടിയെടുത്ത് പണം പിന്‍വലിച്ചുവെന്ന പരാതിയില്‍ തളിപ്പറമ്പ് സ്‌റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസറെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.