പതിനേഴാം നൂറ്റാണ്ടുമുതൽ അടിമകളുടെ വായ മൂടിക്കെട്ടാൻ ലോഹമാസ്കുകൾ ധരിപ്പിക്കപ്പെട്ടതായി പറയപ്പെടുന്നു.
ഇരുമ്പ് മാസ്കുകൾ അടിമകളിൽ പ്രധാനമായും ഉപയോഗിക്കാനുണ്ടായ കാരണങ്ങൾ :
1) കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്ന അടിമകൾ ആപ്പിൾ, പൈനാപ്പിൾ, ഓറഞ്ച്, കശുവണ്ടി, വാഴപ്പഴം, കരിമ്പ് തുടങ്ങിയ പഴങ്ങളും വിളവുകളും കഴിക്കുന്നത് തടയാൻ.
2) അടിമകൾ അവരുടെ നാടോടി ഗാനങ്ങൾ ആലപിക്കാതിരിക്കാൻ വേണ്ടി.നാടോടി ഗാനങ്ങളിൽ നിന്ന് യുദ്ധപ്രേരണ നൽകുന്ന പാട്ടു അടിമകളിൽ വളരുമെന്ന യജമാനന്മാരുടെ ഭയം.
3) അടിമകൾ അവരുടെ കുട്ടികളെ മാതൃഭാഷ പഠിപ്പിക്കുന്നതിന് പകരം യജമാനഭാഷ നിർബദ്ധമായീ പഠിപ്പിക്കുവാൻ വേണ്ടി.
4) അടിമ മദ്യം കുടിക്കാതിരിക്കാൻ വേണ്ടി.
5) അടിമസ്ത്രീയുടെ സൗന്ദര്യം മറ്റുള്ളവർ കാണാതിരിക്കാൻ വേണ്ടി.
6) യജമാനനെതിരായി അടിമ ശബ്ദിക്കാതിരിക്കാൻ വേണ്ടി.
സൗന്ദര്യം കാരണം ഇരുമ്പ് മാസ്‌ക് ധരിക്കാൻ നിർബന്ധിതയായ അടിമ പെൺകുട്ടിയുടെ കഥ :
പതിനെട്ടൊ പത്തെമ്പതോ നൂറ്റാണ്ടിൽ ബ്രസീലിൽ ജീവിച്ചിരുന്ന ആഫ്രിക്കൻ വംശജയായ അടിമയായ സ്ത്രീയായിരുന്നു സ്ക്രാവ അനസ്താസിയ ( Escrava Anastacia).
നീലക്കണ്ണുകളുള്ള അതിസുന്ദരിയായിരുന്ന അവൾ കാണുന്നവരെയെല്ലാം ആകർഷിച്ചു.അവളുടെ ആകർഷകമായ സൗന്ദര്യത്തിൽ അസൂയ തോന്നിയ മറ്റ് സ്ത്രീകൾ അനസ്താസിയയുടെ യജമാനന്റെ മകൻ ജോക്വിൻ അന്റോണിയോയോട് അവളെ ബലാത്സംഗം ചെയ്തു പീഡിപ്പിക്കാൻ രഹസ്യമായി പ്രേരിപ്പിക്കുകയും, ജീവിതകാലം മുഴുവൻ അടിമ മുഖംമൂടി ധരിക്കാൻ അവളെ നിർബന്ധിക്കണമെന്ന് പറയുകയും ചെയ്തു. ഇരുമ്പുകൊണ്ടുള്ള കക്കത്തോടിന് സമാനമായ മുഖംമൂടിയും കഴുത്തിൽ ലോഹ ആവരണവും അവർക്ക് ധരിപ്പിക്കപ്പെട്ടു. മുഖത്ത് മുഖംമൂടി കെട്ടി ദിവസം മുഴുവൻ കരിമ്പ് തോട്ടങ്ങളിൽ ജോലി ചെയ്യേണ്ടിവരിക മാത്രമല്ല, എല്ലാ ദിവസവും ഒരു നേരം മാത്രമെ ഭക്ഷണം കഴിക്കാൻ അനുവദിക്കപ്പെട്ടിരുന്നുള്ളു. യജമാനന്മാരുടെ പീഢനങ്ങൾ വെറെയും സഹിക്കേണ്ടി വന്നു. നിരന്തരമായ ഇരുമ്പ് മാസ്കിന്റെ ഉപയോഗം മൂലം അസുഖബാധിതയായി അവൾ മരണപ്പെട്ടു. മരണത്തിന് തൊട്ടുമുൻപ് അവൾ തന്റെ യജമാനരുടെ ക്രൂരതകൾക്ക് മാപ്പ് കൊടുത്തു. ലോകം അവളോട് ക്രൂരത കാണിച്ചിട്ടും അവൾക്ക് എല്ലാവരോടും സ്നേഹമായിരുന്നു.
ക്ഷമയുടെയും സഹതാപത്തിന്റെയും പ്രതീകമായി ബ്രസീലുകാർ അവളെ കണക്കാകുന്നു. അനൗദ്യോഗികമായിട്ടാണെങ്കിലും ബ്രസീലുകാരിൽ ഒരു വിഭാഗം
വിശുദ്ധയായി അവളെ വാഴ്ത്തുന്നു. അവളുടെ അത്ഭുത കഥകൾ പ്രചരിപ്പിക്കുന്നു. അവളുടെ യഥാർത്ഥ കഥ എന്തായാലും , കൊളോണിയലിസത്തിന്റെ ഇരുണ്ട വശങ്ങളിലേക്കും അടിമത്തത്തിന്റെ ഭീകരതയിലേക്കും വെളിച്ചം വീശിക്കൊണ്ട് ബ്രസീലിലെ ‘കറുത്ത ചരിത്ര’ത്തിൽ തങ്കലിപികളാൽ അവളുടെ കഥ എന്നും ആലേഖനം ചെയ്യപ്പെട്ടുകിടക്കുന്നു.