സ്റ്റീൽ ഗ്ലാസിൽ ആവി പറക്കുന്ന ഫിൽറ്റർ കോഫിയുടെ ചിത്രം അടുത്തിടെ സാമൂഹികമാധ്യമത്തിൽ വൈറലായിരുന്നു. ഒറിജിനൽ ഫിൽറ്റർ കോഫിയെ വെല്ലുന്നവിധമാണ് കലാകാരി ഈ ചിത്രം വരച്ചിരിക്കുന്നത്. ഇപ്പോഴിതാ കിടിലൻ പാവ് ബജിയുടെ ചിത്രം വരച്ച് സോഷ്യൽ മീഡിയയുടെ മനം കവർന്നിരിക്കുകയാണ് രുച എന്ന യുവതി.
രുച ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പാവ് ബജിയുടെ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ശൂന്യമായ കാൻവാസിൽ ആദ്യം പ്ലേറ്റിന്റെ ചിത്രമാണ് അവർ വരച്ചത്. ശേഷം പാവ്, പജി. സവാള, നാരങ്ങ എന്നിവയെല്ലാം വരച്ചു ചേർത്തു. പാവ് പജി വെറുമൊരു ഭക്ഷണം മാത്രമല്ല, അതൊരുവികാരമാണ്. ഏറെ സമയമെടുത്താണ് ഞാൻ ഈ ചിത്രം വരച്ചത്. ഇത് വരയ്ക്കുമ്പോൾ എനിക്ക് എത്രമാത്രം വിശക്കുന്നുണ്ടായിരുന്നുവെന്ന് നിങ്ങൾക്ക് ഊഹിക്കാൻ കഴിയില്ല-വീഡിയോ പങ്കുവെച്ച് രുച ഇൻസ്റ്റയിൽ കുറിച്ചു.
33 ലക്ഷം കാഴ്ചക്കാരെയാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. രണ്ടര ലക്ഷത്തിന് അടുത്ത് ആളുകൾ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. വീഡിയോയുടെ അവസാന ഭാഗം ഈ ചിത്രം യാഥാർത്ഥ്യത്തോട് എത്ര അടുത്തിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു. ജോലിയിലുള്ള നിങ്ങളുടെ സൂക്ഷമതയാണ് ഇത് കാണിച്ചുതരുന്നതെന്ന് വീഡിയോ കണ്ട് ഒരാൾ കമന്റ് ചെയ്തു.
ചിത്രം യാഥാർത്ഥ്യം പോലെയുണ്ടെന്ന് ഒട്ടേറെപ്പേർ അഭിപ്രായപ്പെട്ടു. പാവ് ബജി തനിക്ക് ഏറെ ഇഷ്ടപ്പെട്ട വിഭവമാണെന്നും ചിത്രം മഹത്തരമാണെന്നും മറ്റൊരാൾ പറഞ്ഞു.
വിവിധതരം വിഭവങ്ങൾ, പ്രകൃതിദൃശ്യങ്ങൾ എന്നിവയുടേത് ഉൾപ്പടെ നിരവധി ചിത്രങ്ങൾ രുച ഇൻസ്റ്റഗ്രാമിൽ നേരത്തെയും പങ്കുവെച്ചിട്ടുണ്ട്.