വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ആഗോള താപനിലയിൽ 1.5 ഡിഗ്രിയിലേറെ വർധനവിന് സാധ്യതയെന്ന് റിപ്പോർട്ട്. 2022-26 വരെയുള്ള വർഷങ്ങളായിരിക്കും റെക്കോഡ് താപനില രേഖപ്പെടുത്തുകയെന്നും യു.കെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫീസിന്റെ പഠന റിപ്പോർട്ടിൽ പറയുന്നു. 2015-ൽ ശരാശരി ആഗോള താപനിലയിലെ വർധന ഒരു ഡിഗ്രിക്ക് മുകളിലേക്ക് പോയത് ശുഭസൂചനയല്ല.
ഏറ്റവും ചൂട് രേഖപ്പെടുത്തിയ 2016 മുതൽ 2020 വരെയുളള വർഷങ്ങളിൽ പോലും ആഗോള താപില ഒരു ഡിഗ്രിയിലധികം വർധിച്ചിരുന്നില്ല. 2015-ൽ ഒപ്പിട്ട പാരീസ് ഉടമ്പടിയിൽ ആഗോള താപനില വർധനവ് രണ്ട് ഡിഗ്രിക്കുള്ളിൽ നിലനിർത്താമെന്ന് ലോകരാഷ്ട്രങ്ങൾ ധാരണയിലെത്തിയിരുന്നു.
വടക്കേ അമേരിക്കയിലുടനീളം നാശം വിതച്ച കാട്ടുതീയും ഇന്ത്യയിലുണ്ടായ ഉഷ്ണ തരംഗവും ഇതിന്റെ അനന്തര ഫലങ്ങളാകാമെന്ന് വേൾഡ് മെറ്ററിയോളജിക്കൽ ഓർഗനൈസേഷനും (ഡബ്ല്യുഎംഒ) വിലയിരുത്തുന്നുണ്ട്. ഇത് അടിസ്ഥാനപ്പെടുത്തിയുള്ള പഠന റിപ്പോർട്ടിലാണ് 1.5 ഡിഗ്രിക്ക് മുകളിലേക്ക് ആഗോള താപനില അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എത്തപ്പെടാമെന്ന് നിഗമനത്തിലേക്ക് മെറ്റ് ഓഫീസ് എത്തിയത്. അന്തരീക്ഷത്തിൽ വൻതോതിൽ ഉയർന്നു വരുന്ന കാർബൺ ഡയോക്സൈഡ് അളവ് ഇതിന് ആക്കം കൂട്ടുന്നുവെന്ന് പഠനത്തിന്റെ മുഖ്യ രചയിതാവ് കൂടിയായ ഡോ.ലിയോൺ ഹെർമാൻസൺ പറയുന്നു.
1.5 ഡിഗ്രി എന്ന അളവിന് താഴെ ആഗോള താപനില എത്താനുള്ള സാഹചര്യം നിലവിൽ ഇല്ല. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ആഗോള താപനില 1.5 ഡിഗ്രിയായി അതേ അളവിൽ തുടരുകയാണെങ്കിൽ ചിലപ്പോൾ ഇടിവ് രേഖപ്പെടുത്തിയേക്കാം. പക്ഷേ ഇത് ആശ്വാസത്തിന് വക നൽകുന്നതല്ലെന്നും വിദ്ഗധർ മുന്നറിയിപ്പ് നൽകുന്നു.