ഉടച്ചുവാർത്ത് മണ്ഡലങ്ങൾ, തിരഞ്ഞെടുപ്പിന് സജ്ജം; ഒരുക്കം കശ്മീരിലെ അദ്യ ബിജെപി മുഖ്യമന്ത്രിക്കോ?

0
60

 

ജമ്മു കശ്മീരിന്റെ തിരഞ്ഞെടുപ്പ് ഭൂപടം പുനർനിർണയിച്ചുകൊണ്ട് അതിർത്തി നിർണ്ണയ കമ്മീഷൻ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്. ഏറെ വിവാദങ്ങൾക്കൊടുവിൽ മണ്ഡല അതിർത്തി നിർണയ നടപടികൾ പൂർത്തിയായതോടെ ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. 2018 മുതൽ ഒരു തിരഞ്ഞെടുത്ത സർക്കാർ ജമ്മുകശ്മീരിൽ ഇല്ല. മണ്ഡല പുനർനിർണയത്തിന് ശേഷം ഉടൻ ജമ്മുകശ്മീരിൽ തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ അറിയിച്ചത്. ആ പുനർനിർണയമാണിപ്പോൾ പൂർത്തിയായിരിക്കുന്നത്.

ഭരണഘടനാ വിരുദ്ധവും വിവേചനപരവുമായി ബിജെപിക്ക് അനുകൂലമായിട്ടാണ് മണ്ഡലങ്ങൾ പുനർനിർണയിച്ചിരിക്കുന്നതെന്നാണ് ഇതര രാഷ്ട്രീയ പാർട്ടികളെല്ലാം ഉയർത്തുന്ന ആരോപണം. ജമ്മുകശ്മീരിൽ ഇതാദ്യമായി ഒരു ഹിന്ദു മുഖ്യമന്ത്രിയുണ്ടാകുമെന്ന ബിജെപി നേതാക്കളുടെ പ്രസ്താവനകളും ഇതിനോട് ചേർത്ത് വായിക്കണം.

ബിജെപി ഇതര പാർട്ടികളുടെ എതിർപ്പുകൾ നിലനിൽക്കെ സുപ്രീംകോടതി റിട്ട. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി 90 നിയമസഭാ മണ്ഡലങ്ങളും വ്യാഴാഴ്ച വിജ്ഞാപനം ചെയ്തു. പുതുതായി ഏഴ് മണ്ഡലങ്ങളാണ് ജമ്മുകശ്മീരിൽ കൂട്ടിച്ചേർത്തിരിക്കുന്നത്.

2019ൽ പ്രത്യേക പദവി എടുത്ത് കളയുന്നതിന് മുമ്പ് ജമ്മു കശ്മീർ ഒരു സംസ്ഥാനമായി നിലനിന്നിരുന്ന ഘട്ടത്തിൽ ആകെ 111 നിയമസഭാ മണ്ഡലങ്ങളാണ് ഉണ്ടായിരുന്നത്. കശ്മീരിൽ 46 ജമ്മുവിൽ 37 ലഡാക്കിൽ നാല് സീറ്റുകളുമാണ് ഉണ്ടായിരുന്നത്. 24 സീറ്റുകൾ പാക് അധീന കശ്മീരിനായി സംവരണം ചെയ്തിട്ടിരിക്കുകയായിരുന്നു. കേന്ദ്ര ഭരണ പ്രദേശമായി ലഡാക്കിനെ വിഭജിച്ചപ്പോൾ ഇത് 107 സീറ്റായി ചുരങ്ങി. മണ്ഡല പുനർ നിർണയത്തോടെ ഇതിലേക്ക് ഏഴ് സീറ്റുകൾ ചേർത്തു. അതോടെ മൊത്തം സീറ്റുകൾ 114 ആയി. ഇതിൽ 24 സീറ്റുകൾ പാക് അധീന കശ്മീരിലേക്ക് മാറ്റിവെച്ചതാണ്. ഇതൊഴികെ 90 സീറ്റുകളാണ് ഉള്ളത്. ഈ 90 സീറ്റുകളാണ് പുനർനിർണയിച്ച് വിജ്ഞാപനം ചെയ്തിരിക്കുന്നത്.

1957-ലെ ജനപ്രാതിനിധ്യ നിയമപ്രകാരമാണ് ജമ്മു കശ്മീരിൽ ഇതുവരെ പാർലമെന്റ് മണ്ഡലങ്ങളും നിയമസഭാ മണ്ഡലങ്ങളും പുനർനിർണയം നടത്തിവരുന്നത്. 2019-ൽ സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ ഭരണഘടനാ പ്രകാരം മണ്ഡലപുനർനിർണയം നടത്താൻ തീരുമാനിക്കുകയായിരുന്നു.

ഇതിനായി 2020 മാർച്ചിലാണ് സുപ്രീംകോടതി റിട്ട.ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള മണ്ഡല അതിർത്തി നിർണ്ണയ കമ്മീഷൻ രൂപീകരിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും ജമ്മു കശ്മീർ ഇല്കട്രൽ ഓഫീസറും ഇതിലെ അംഗങ്ങളാണ്. കൂടാതെ ജമ്മു കശ്മീരിലെ അഞ്ച് എംപിമാരും അസോസിയേറ്റ് അംഗങ്ങളാണ്. ഒരു വർഷത്തിനകം മണ്ഡല പുനർനിർണയം നടത്തി റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. നാഷണൽ കോൺഫറൻസിന്റെ മൂന്ന് എംപിമാർ നടപടികൾ ബഹിഷ്കരിച്ചതിനെ തുടർന്ന് പലതവണ സമിതിക്ക് സമയം നീട്ടിനൽകി.

ബിജെപിയുടെ ശക്തികേന്ദ്രമായ ജമ്മുവിൽ നിലവിൽ 37 സീറ്റുകളാണ് ഉള്ളത്. പുതിയ റിപ്പോർട്ട് പ്രകാരം ആറ് സീറ്റുകളാണ് ജമ്മുവിൽ കൂട്ടിച്ചേർത്തിരിക്കുന്നത്. ഇതോടെ 43 സീറ്റുകളുണ്ടാകും ഇവിടെ. 46 സീറ്റുകളുണ്ടായിരുന്ന കശമീരിൽ ഒരു സീറ്റ് വർധിപ്പിച്ച് 47 സീറ്റുകളാകും.

അഞ്ച് പാർലമെന്റ് സീറ്റുകളാണ് ജമ്മുകശ്മീരിൽ ഉള്ളത്. നിയമസഭാ മണ്ഡലങ്ങൾക്കൊപ്പം ലോക്സഭാ മണ്ഡലങ്ങളുടേയും അതിർത്തികൾ പുനർനിർണയിച്ചിട്ടുണ്ട്. അഞ്ച് ലോക്സഭാ മണ്ഡലങ്ങളിലും തുല്യമായ നിയമസഭാ മണ്ഡലങ്ങളാണ് ഉണ്ടാകുക. ആദ്യമായിട്ടാണ് ഇത്തരമൊരു വിഭജനം. അനന്ത്നാഗ് ജമ്മു ലോക്സഭാ മണ്ഡലങ്ങളുടെ അതിർത്തികൾ മാറ്റിയിട്ടുണ്ട്.

പൂഞ്ച്, രജൗരി ജില്ലകളിലുള്ള ജമ്മുവിലെ പിർ പഞ്ജൽ മേഖല കശ്മീരിലെ അനന്ത് നാഗ് മണ്ഡലത്തോടൊപ്പം കൂട്ടിച്ചേർത്തു. കൂടാതെ ശ്രീനഗർ ലോക്സഭാ മണ്ഡലത്തിലെ ഒരു പ്രദേശം ബരാമുള്ളയിലേക്കും മാറ്റിയിട്ടുണ്ട്.

പട്ടിക വർഗക്കാർക്കായി ഒമ്പത് സീറ്റുകളാണ് കമ്മീഷൻ സംവരണം ചെയ്തിട്ടുള്ളത്. പൂഞ്ചും രജൗരിയും ഉൾപ്പടെ ആറ് പട്ടിക വർഗ സീറ്റുകളം അനന്ത്നാഗ് ലോക്സഭാ മണ്ഡലത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

2011-ലെ സെൻസസ് കണക്കുകളാണ് മണ്ഡല പുനർനിർണയത്തിന് ആധാരമാക്കിയതെന്നാണ് പറയുന്നത്. പുതിയ മണ്ഡല ക്രമീകരണം അനുസരിച്ച് 44 ശതമാനം ജനസംഖ്യയുള്ള ജമ്മുവിന് മൊത്തം സീറ്റുകളുടെ 48 ശതമാനം ലഭിച്ചിട്ടുണ്ട്. 56 ശതമാനം ജനസംഖ്യയുള്ള കശ്മീരിന് 52 ശതമാനം സീറ്റുകളാണ് ലഭിച്ചിട്ടുള്ളത്. നേരത്തെ അത് ഇപ്രകാരമായിരുന്നു, 56 ശതമാനം ജനംസഖ്യയുള്ള കശ്മീരിന് 55.4 ശതമാനവും 44 ശതമാനം വരുന്ന ജമ്മുവിന് 44.5 സീറ്റുകളുമാണ് ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here