സനൽകുമാർ ശശിധരന് ജാമ്യം അനുവദിച്ച് കോടതി

0
55

കൊച്ചി• നടി മഞ്‍ജു വാരിയരുടെ പരാതിയില്‍ അറസ്റ്റിലായ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് ജാമ്യം. ആലുവ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ചോദ്യം ചെയ്യലിനുശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കാന്‍ എളമക്കര പൊലീസ് തയ്യാറായിരുന്നെങ്കിലും കോടതിയില്‍ ഹാജരാക്കണമെന്ന് സനല്‍കുമാര്‍ തന്നെ ആവശ്യപ്പെടുകയായിരുന്നു. സനലിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും.

മഞ്ജു വാരിയരെ അസ്വസ്ഥതയുണ്ടാക്കും വിധം പിന്തുടർന്നു ബുദ്ധിമുട്ടു സൃഷ്ടിച്ചെന്ന പരാതിയിൽ വ്യാഴാഴ്ചയാണ് സനൽകുമാർ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തത്. സനൽകുമാർ സംവിധാനം ചെയ്ത ‘കയറ്റം’ സിനിമയുടെ സെറ്റിൽ മഞ്ജുവിന്റെ മാനേജരുമായുണ്ടായ തർക്കമാണു പ്രശ്നങ്ങളുടെ തുടക്കം. മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് നേടിയ ചലച്ചിത്രകാരനാണു സനൽകുമാർ ശശിധരൻ.

കയറ്റം സിനിമയുടെ ഷൂട്ടിങ് തീർന്നതിനു ശേഷം സനൽകുമാർ പലതവണ മഞ്ജുവിനെ കാണാൻ ശ്രമിച്ചിരുന്നെങ്കിലും പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനാൽ കാണാനോ സംസാരിക്കാനോ അനുവദിച്ചിരുന്നില്ല. ഇതിനു ശേഷം മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും നടി ചിലരുടെ തടങ്കലിലാണെന്നും പൊതുസമൂഹം ഇതിൽ ഇടപെട്ടു അവരെ രക്ഷിക്കണമെന്നും ആഹ്വാനം ചെയ്തു സനൽകുമാർ സമൂഹമാധ്യമത്തിൽ പ്രചാരണം നടത്തിയിരുന്നു.

മഞ്ജു നേരിട്ടു ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടതിനെ തുടർന്നാണ് അവരെ നായികയാക്കി ‘കയറ്റം’ സിനിമ സംവിധാനം ചെയ്തതെന്നു സനൽ അവകാശപ്പെട്ടിരുന്നു. മഞ്ജു വാരിയരെ നായികയാക്കി പുതിയ സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹവുമായി സനൽ ചില നിർമാതാക്കളെയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെയും സമീപിച്ചിരുന്നു. ഇന്നലെ സനലിനെ കസ്റ്റഡിയിലെടുക്കാൻ എളമക്കര പൊലീസ് തിരുവനന്തപുരം പാറശാലയിലെ വീട്ടിലെത്തിയ രംഗങ്ങൾ മൊബൈലിൽ തൽസമയം ഷൂട്ട് ചെയ്തു സമൂഹമാധ്യമത്തിലൂടെ പുറംലോകത്തെ അറിയിച്ചതു നാടകീയ രംഗങ്ങൾക്കു വഴിയൊരുക്കി. സനലിനെതിരെ എളമക്കര പൊലീസ് സ്റ്റേഷനിൽ മഞ്ജു വാരിയർ പരാതി നൽകിയ വിവരം പൊലീസ് വീട്ടിലെത്തും വരെ സനൽകുമാർ അറിഞ്ഞിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here