കെഎസ്ആർടിസിയുടെ അനാസ്ഥ; ഒരു തുള്ളി ഡീസലില്ല, സർവീസുകൾ കൂട്ടത്തോടെ മുടങ്ങി

0
53

 

കാസർകോട് • ഡീസൽ ക്ഷാമത്തെ തുടർന്ന് കെഎസ്ആർടിസി കാസർകോട് ഡിപ്പോയിൽ സർവീസുകൾ കൂട്ടത്തോടെ മുടങ്ങി. മംഗളൂരുവിലേക്കും സുള്ള്യയിലേക്കുമുൾപ്പെടെ പോകേണ്ട യാത്രക്കാർ പെരുവഴിയിലായി. ഒട്ടേറെ ആളുകൾ ബസ് സ്റ്റാൻഡിലെത്തിയെങ്കിലും യാത്ര ചെയ്യാനാകാതെ കുടുങ്ങി.

വൈകിട്ട് 6നു ശേഷം മംഗളൂരുവിലേക്കു നടത്തേണ്ട 23 സർവീസുകളിൽ 2 എണ്ണം മാത്രമാണു പോയത്. നൂറുകണക്കിനു യാത്രക്കാർ ഡിപ്പോയിൽ തിരക്കു കൂട്ടിയെങ്കിലും അധികൃതരും കൈമലർത്തി. സുള്ള്യയിലേക്കുള്ള അവസാന ബസ് മുടങ്ങിയതോടെ ആളുകൾ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി.

നാളെ സർവീസ് നടത്താൻ ഒരു തുള്ളി ഡീസൽ പോലുമില്ലാത്ത അവസ്ഥയിലാണു ഡിപ്പോ. ദിവസം 7500 ലീറ്റർ ഡീസലാണു കാസർകോട് ഡിപ്പോയുടെ പ്രവർത്തനത്തിനു വേണ്ടത്. പമ്പിലെ കുടിശിക 40 ലക്ഷമായി ഉയർന്നതോടെ പണമടയ്ക്കാതെ ഇന്ധനം നൽകില്ലെന്ന് പമ്പുടമകൾ തീരുമാനിച്ചു. സംസ്ഥാനത്തെ തന്നെ ഏറ്റവും വരുമാനമുള്ള കെഎസ്ആർടിസി ഡിപ്പോയുടെ ദുരവസ്ഥയാണിത്. യാത്രക്കാർ പലപ്പോഴും ജീവനക്കാരോടു ക്ഷുഭിതരാകുന്ന സാഹചര്യമുണ്ടായി. ജീവനക്കാരുമായുള്ള തർക്കം പലപ്പോഴും സംഘർഷത്തിന്റെ വക്കോളമെത്തി. ശക്തമായ പ്രതിഷേധമാണ് യാത്രക്കാർ ഉയർത്തിയത്.

ബുധനാഴ്ച ഡിപ്പോയിലെ കലക്‌ഷൻ 14 ലക്ഷം രൂപയായിരുന്നു. ഇത്ര വരുമാനമുണ്ടായിട്ടും മാനേജ്മെന്റ് തലത്തിലെ പിടിപ്പുകേടാണു പ്രതിസന്ധിക്കു കാരണമെന്ന് ജീവനക്കാരും വിമർശനം ഉന്നയിക്കുന്നു. കർണാടകയിലേക്കു സർവീസ് നടത്തുന്ന ബസുകൾക്ക് അവിടെ നിന്നു ഡീസൽ നിറയ്ക്കാനുള്ള സംവിധാനമൊരുക്കിയാൽ തന്നെ ഒരു ദിവസം വലിയ തുക ലാഭിക്കാമെന്ന് ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here