‘ഇരവിൻ നിഴൽ’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കവേ വേദിയിൽ നിന്നും മൈക്ക് വലിച്ചെറിഞ്ഞ് നടൻ പാർഥിപൻ. ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാൻ സംഗീതസംവിധായകൻ എ.ആർ.റഹ്മാനും എത്തിയിരുന്നു. സിനിമയെക്കുറിച്ച് റഹ്മാനും പാർഥിപനും സംസാരിക്കവേ നടന്റെ മൈക്കിനു ചെറിയ തകരാറുകൾ ഉണ്ടായി. വേദിക്കു സമീപമുണ്ടായിരുന്നയാൾ മൈക്ക് കൈമാറാൻ ആവശ്യപ്പെട്ടതോടെ ദേഷ്യം നിയന്ത്രിക്കാനാകാതെ പാർഥിപൻ മൈക്ക് വലിച്ചെറിയുകയായിരുന്നു.
പാർഥിപന്റെ ഈ പ്രവൃത്തി കണ്ട് റഹ്മാനും വേദിയിലും സദസ്സിലുമുണ്ടായിരുന്ന മറ്റുള്ളവരും പകച്ചു നിന്നു. തുടർന്ന് താൻ ചെയ്തതു തെറ്റാണെന്നു മനസ്സിലാക്കി പാർഥിപൻ ക്ഷമ ചോദിച്ചു. താൻ വലിയ സമ്മർദ്ദത്തിലായിരുന്നുവെന്നും സ്വയം നിയന്ത്രിക്കാനായില്ലെന്നും അതികൊണ്ടാണ് പെട്ടെന്ന് അങ്ങനെ ചെയ്തതെന്നും നടൻ പറഞ്ഞു. സംഭവത്തിന്റെ വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിനു പേർ കണ്ടുകഴിഞ്ഞു. പലരും പാർഥിപനെ വിമർശിച്ചും അനുകൂലിച്ചും രംഗത്തെത്തി. ക്ഷമയുടെ ഉദാഹരണമാണ് എ.ആർ.റഹ്മാൻ എന്നും പൊതുവേദിയിൽ പെരുമാറേണ്ടത് എങ്ങനെയെന്ന് അദ്ദേഹത്തിന് അറിയാമെന്നും ചിലർ വിഡിയോയ്ക്കു താഴെ കുറിച്ചു.