ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചു വര്‍ഷത്തിനു ശേഷം അമ്മ സാവിത്രിദേവിയെ കാണാന്‍ നാളെയെത്തും. മൂന്നു ദിവസമാണ് യോഗിയുടെ ഉത്തരാഖണ്ഡ് പര്യടനം. മേയ് മൂന്നിന് യാമകേശ്വരിലെത്തുന്ന യോഗി പരിപാടികള്‍ക്ക് ശേഷം തന്റെ ഗ്രാമമായ പഞ്ചൂരിലേക്ക് പോകും
മകനെ കാണാന്‍ ആഗ്രഹമുണ്ടെന്ന് 84 കാരിയായ സാവിത്രിദേവി അടുത്തിടെ മാധ്യമങ്ങളോടും പറഞ്ഞിരുന്നു. ചായ കട നടത്തുന്ന യോഗിയുടെ സഹോദരി ശശിയുടെ ഒരേയൊരു ആഗ്രഹവും സഹോദരന്‍ അമ്മയെ കാണാന്‍ വരണം എന്നതാണ്. നാളെ വീട്ടില്‍ യോഗിയെ കാണാന്‍ കുടുംബാംഗങ്ങള്‍ എല്ലാവരും എത്തും.
അഞ്ച് വര്‍ഷം മുമ്പ് 2017 ഫെബ്രുവരിയിലാണ് യോഗി തന്റെ അമ്മയെ അവസാനമായി കാണുന്നത്. അന്ന് ഉത്തരാഖണ്ഡിലും യുപിയിലും തിരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയും നിലവിലെ നിയമസഭാ സ്പീക്കറുമായ ഋതു ഖണ്ഡൂരിക്ക് വേണ്ടി പ്രചാരണത്തിന് എത്തിയ യോഗി, അമ്മയെയും കുടുംബാംഗങ്ങളെയും കാണാന്‍ അന്ന് തന്റെ ഗ്രാമമായ പഞ്ചൂരില്‍ പോയിരുന്നു.
യോഗിയുടെ പിതാവ് ആനന്ദ് സിംഗ് ബിഷ്ത് 2020ല്‍ അന്തരിച്ചു. കൊറോണ പ്രോട്ടോക്കോള്‍ കാരണം അച്ഛന്‍ മരിച്ചിട്ടും യോഗിയ്ക്ക് വീട്ടില്‍ എത്താനായില്ല. 2022 ല്‍ യോഗി ഒരു തെരഞ്ഞെടുപ്പ് റാലിക്കായി ഉത്തരാഖണ്ഡിലെ കോട്ദ്വാറില്‍ പോയിരുന്നുവെങ്കിലും അമ്മയെ കാണാന്‍ അദ്ദേഹത്തിന് വീട്ടിലേക്ക് പോകാന്‍ കഴിഞ്ഞില്ല.
അമ്മയെ കാണുന്നതിന് മുമ്പ് യോഗി യാമകേശ്വരിലേക്ക് പോകും. അവിടെ യോഗി തന്റെ ഗുരു അവൈദ്യനാഥിന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. ഈ പരിപാടിയില്‍ യോഗിക്കൊപ്പം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ ധാമിയും ഉണ്ടാകും.