ഡൽഹി : ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വൈസ് ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന ഐപിഎല്ലിൽ നിന്ന് പിന്മാറിയതോടെ മൂന്നാം സ്ഥാനത്തേക്ക് ആരെ ഇറക്കുമെന്ന ആശങ്കയിലാണ് ടീം മാനേജ്മെന്റ്റ്. അമ്പാട്ടി റായുഡു, ഫാഫ് ഡു പ്ലെസിസ്, കേദാര്‍ ജാദവ് തുടങ്ങിയ താരങ്ങള്‍ സിഎസ്‌കെ നിരയിലുണ്ട്. എന്നാല്‍ ഈ പ്രശ്‌നത്തില്‍ പരിഹാരം മുന്നോട്ട് വെക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.
റെയ്‌നയുടെ അഭാവത്തില്‍ സീനിയര്‍ താരവും ക്യാപ്റ്റനുമായ എം എസ് ധോണി മൂന്നാം നമ്പറില്‍ ഇറങ്ങണമെന്നാണ് ഗംഭീര്‍ പറയുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗംഭീര്‍.
”റെയ്‌നയുടെ അഭാവത്തില്‍ സീനിയര്‍ താരവും ചെന്നൈയുടെ നായകനുമായ മഹേന്ദ്ര സിംഗ് ധോണി മൂന്നാം സ്ഥാനത്ത് ഇറങ്ങണം. ഏറെക്കാലമായി കളത്തിന് പുറത്ത് നില്‍ക്കുന്ന ധോണിക്ക് മൂന്നാം നമ്പരില്‍ ബാറ്റിംഗിനിറങ്ങുന്നത് വഴി കൂടുതല്‍ പന്തുകള്‍ നേരിടാന്‍ കഴിയും. ടീമില്‍ നങ്കൂരക്കാന്റെ റോള്‍ ചെയ്യാന്‍ ധോണിക്ക് സാധിക്കും. ധോണിക്ക് പിന്നാലെ കേദാര്‍ ജാദവ്, ഡ്വെയിന്‍ ബ്രാവോ, സാം കറന്‍, തുടങ്ങിയവരെത്തണം.
ഇത് ധോണിക്ക് വളരെ മഹത്തായ അവസരമായിരുക്കുമെന്നും അദ്ദേഹം അത് നല്ല രീതിയില്‍ ഉപയോഗിക്കുമെന്നുമാണ് എനിക്ക് തോന്നുന്നത്. സുരേഷ് റെയ്‌ന ടീമിലില്ലാത്തത് കൊണ്ട് വളരെ പരിചയസമ്പന്നനായ ഒരു താരം മൂന്നാം നമ്പരില്‍ ബാറ്റ് ചെയ്യാന്‍ ആവശ്യമാണ്. അത് ധോണിയായിരിക്കണം.” ഗംഭീര്‍ പറഞ്ഞു.