കന്നട ചിത്രമായ കെജിഎഫ് 2 പ്രദർശനത്തിനെത്തിയ ആദ്യദിവസം തന്നെ 50 കോടി നേടിയതിനു പിന്നാലെ ആരംഭിച്ച ബോളിവുഡ‍് – ദക്ഷിണേന്ത്യ തർക്കം പുതിയ തലത്തിലേക്ക്. കന്നട സൂപ്പർ താരം ‘കിച്ച’ സുദീപും ബോളിവുഡ് നടൻ അജയ് ദേവ്‍ഗണ്ണും കൊമ്പുകോർത്തതിനു പിന്നാലെ ഹിന്ദി താരങ്ങൾ ദക്ഷിണേന്ത്യന്‍ താരങ്ങളോട് അസൂയ ഉള്ളവരാണെന്നും അവർ അരക്ഷിതരാണെന്നും പ്രഖ്യാപിച്ച് പ്രശസ്ത സംവിധായകൻ രാം ഗോപാൽ വർമയും രംഗത്തെത്തി. അജയ് ദേവ്ഗൺ, താങ്കളുടെ വിവരമില്ലായ്മ അമ്പരപ്പിക്കുന്നുവെന്നായിരുന്നു നടിയും മുൻ കോൺഗ്രസ് നേതാവുമായിരുന്ന ദിവ്യ സ്പന്ദന പ്രതികരിച്ചത്.
‘ആർഃ ഡെഡ്‍ലിസ്റ്റ് ഗാംഗ്‍സ്റ്റർ എവർ’ എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട പരിപാടിക്കിടെ സുദീപ് പറഞ്ഞ അഭിപ്രായമാണ് ഇപ്പോൾ വൻ തർക്കമായി മാറിയിരിക്കുന്നത്. കെജിഎഫ് 2വിന്റെ വിജയത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.‘‘കെജിഎഫിലൂടെ കന്നടയിൽനിന്ന് ഒരു പാൻ–ഇന്ത്യൻ സിനിമ ഉണ്ടായിരിക്കുകയാണ് എന്നാണ് പറയുന്നത്. എനിക്കൊരു ചെറിയ തിരുത്തുണ്ട്. ഹിന്ദി ഇനി ഒരിക്കലും ഒരു ദേശീയ ഭാഷയാവില്ല. അവരിന്ന് പാൻ–ഇന്ത്യൻ സിനിമകൾ ചെയ്യുന്നുണ്ട്. തെലുങ്കിൽനിന്നും തമിഴില്‍നിന്നുമൊക്കെ ചിത്രങ്ങൾ ഡബ് ചെയ്ത് വിജയിപ്പിക്കാനും അവർ ശ്രമിക്കുന്നു. പക്ഷേ നടക്കുന്നില്ല. എന്നാൽ ഇന്ന് എല്ലായിടത്തും കാണിക്കാവുന്ന സിനിമകൾ നമ്മൾ നിർമിക്കുന്നു’’ – ഇതായിരുന്നു സുദീപിന്റെ പ്രസ്താവന.
ഇതേറ്റുപിടിച്ച അജയ് ദേവ്‍ഗണ്‍ ആകട്ടെ, ഹിന്ദി ദേശീയ ഭാഷയല്ലെങ്കിൽ പിന്നെന്തിനാണ് മറ്റ് ഭാഷാ ചിത്രങ്ങൾ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്തു കാണിക്കുന്നതെന്ന ചോദ്യവുമായി രംഗത്തെത്തി. ഹിന്ദിയിലായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഹിന്ദി ദേശീയ ഭാഷയായിരുന്നു, ഇപ്പോഴുമതെ, ഇനിയുമങ്ങനെ ആയിരിക്കും എന്നും ദേവ്‍ഗണ്‍ പറഞ്ഞു. ഇതിനോട് പ്രതികരിച്ച സുദീപ് ആകട്ടെ, തന്റെ പ്രസ്താവന ഹിന്ദി ഭാഷയെ കുറിച്ചല്ലെന്നും അതു സന്ദർഭത്തിൽനിന്ന് അടർത്തി മാറ്റിയതാണെന്നും വ്യക്തമാക്കി. ഒപ്പം, ഹിന്ദിയിൽ അജയ് ദേവ്ഗണ്‍ നടത്തിയ ട്വീറ്റിന് താൻ കന്നടയിൽ മറുപടി നല്‍കിയിരുന്നെങ്കിൽ അത് മനസിലാകുമായിരുന്നോ എന്നും ചോദിച്ചു. ഇതോടെ പ്രശ്നം വഷളാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും താൻ എല്ലാ സിനിമകളെയും ഒരുപോലെയാണ് കാണുന്നതെന്നും വ്യക്തമാക്കി അജയ് ദേവ്ഗണ്‍ വിവാദം അവസാനിപ്പിച്ചു.
ഇരുവരും വിവാദം അവസാനിപ്പിച്ചെങ്കിലും തൊട്ടുപിന്നാലെ ട്വീറ്റുമായി രാം ഗോപാൽ വർമയും രംഗത്തെത്തി. കിച്ച സുദീപ് പറഞ്ഞതിൽ യാതൊരു തെറ്റുമില്ലെന്നും ഹിന്ദി താരങ്ങൾക്ക് ദക്ഷിണേന്ത്യൻ താരങ്ങളോട് അസൂയയാണെന്നും അവർ അരക്ഷിതരാണെന്നും അദ്ദേഹം പ്രസ്താവിച്ചു. അജയ് ദേവ്ഗണിന്റെ റിലീസ് ചെയ്യാനിരിക്കുന്ന റൺവേ 34നെ പരിഹസിച്ചു കൊണ്ട്, കെജിഎഫ് ആദ്യ ദിനം 50 കോടി നേടിയതുപോലെ ഇറങ്ങാനിരിക്കുന്ന ചിലരുടെ സിനിമകളും അങ്ങനെയാകുമെന്ന് പ്രതീക്ഷിക്കാമെന്നും ട്വീറ്റ് ചെയ്തു. അറിഞ്ഞു കൊണ്ടാണെങ്കിലും അല്ലെങ്കിലും സുദീപ് ഇത്തരമൊരു പ്രസ്താവന നടത്തിയത് നന്നായെന്നും വാസ്തവം അദ്ദേഹം പറഞ്ഞതു തന്നെയാണെന്നും രാം ഗോപാൽ വർമ കൂട്ടിച്ചേർത്തു.
‘‘ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല. അജയ് ദേവ്ഗൺ, താങ്കളുടെ വിവരമില്ലായ്മ അമ്പരപ്പിക്കുന്നതാണ്. അതുപോലെ, കെജിഎഫും, പുഷ്പയും ആർആർആറും ഒക്കെ ഹിന്ദി മേഖലയിൽ നന്നായി പ്രദർശിപ്പിക്കപ്പെട്ടു. കലയ്ക്ക് ഭാഷ ഒരു തടസമല്ല. ഞങ്ങൾ നിങ്ങളുടെ സിനിമകൾ ആസ്വദിക്കുന്നതു പോലെ ഞങ്ങളുടെ സിനിമകളും ആസ്വദിക്കുക’ – ദിവ്യ സ്പന്ദന പറഞ്ഞു.
ഹിന്ദിയെ രാഷ്ട്ര ഭാഷ എന്ന് വിളിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ഇന്ത്യയ്ക്ക് ഒരു ഭാഷ മാത്രമേയുള്ളു, അത് വിനോദമാണെന്നും സോനു സൂദ് പറഞ്ഞു.