പട്നയിൽ ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തി; BA.2വിനേക്കാൾ വ്യാപനശേഷിയുള്ളത്

0
44

 

പട്ന: കോവിഡിന്റെ പുതിയ വകഭേദം പട്നയിൽ കണ്ടെത്തിയതായി ബിഹാർ ആരോ​ഗ്യവകുപ്പ്. ഒമിക്രോണിന്റെ പുതിയ വകഭേമാണ് വ്യാഴാഴ്ച കണ്ടെത്തിയത്. ഇന്ദിരാ​ഗാന്ധി ഇൻസ്റ്റിറ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആണ് ഇതുസംബന്ധിച്ച സ്ഥിരീകരണം നടത്തിയത്.

പുതിയ വകഭേദമായ BA.12, നേരത്തേ കണ്ടെത്തിയ BA.2വിനേക്കാൾ പത്തുമടങ്ങ് അപകടകാരിയാണ്. രാജ്യത്ത് മൂന്നാം തരം​ഗം കണ്ടെത്തിയ സമയത്താണ് BA.2 സ്ഥിരീകരിച്ചത്.

വർധിച്ചുവരുന്ന കോവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ ഒമിക്രോൺ വകഭേദത്തിന്റെ സാംപിളുകളുടെ ജെനോം സീക്വൻസിങ് നടത്തി വരികയായിരുന്നു എന്ന് ഇന്ദിരാ​ഗാന്ധി ഇൻസ്റ്റിറ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, എച്ച്ഒഡി ഡോ.നമ്രതാ കുമാരി പറഞ്ഞു. പതിമൂന്നോളം സാംപിളുകൾ പരിശോധിച്ചതിൽ ഒന്ന് BA.12 വകഭേദമായിരുന്നു. ബാക്കിയുള്ള പന്ത്രണ്ടെണ്ണം BA.2 വകഭേദമാണെന്നും നമ്രതാ കുമാരി പറഞ്ഞു.

ഒമിക്രോൺ വകഭേദത്തിന് ഡെൽറ്റയെക്കാൾ വ്യാപനതോത് കൂടുതലാണെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഒമിക്രോണിനെക്കാൾ കൂടുതൽ വ്യാപനശേഷിയാണ് ബിഎ.2 എന്ന അതിന്റെ ഉപവകഭേദത്തിന്. അതിനേക്കാളും പത്തുമടങ്ങ് കൂടുതലാണ് BA.12വിന്റെ വ്യാപനശേഷി എന്നാണ് അധികൃതരുടെ കണ്ടെത്തൽ.

ഇതുവരെ നടത്തിയ ജെനോം സീക്വൻസിങ് അനുസരിച്ച് രാജ്യത്ത് ജനുവരിയിലാണ് ഒമിക്രോൺ കേസുകൾ കൂടുതൽ കണ്ടെത്തിയത്. ബിഎ.2 വകഭേദം കൂടുതലായി കാണപ്പെടുന്നത് എഷ്യയിലും യൂറോപ്പിലുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here