കോവിഡ് വന്ന് രോഗമുക്തി നേടിയ ശേഷം വാക്സീന്‍ എടുത്തവരെയും വാക്സീന്‍ എടുത്ത ശേഷം കോവിഡ് വന്നവരെയും അപേക്ഷിച്ച് ഇതേ വരെ കോവിഡ് വരാതെ രണ്ട് ഡോസ് വാക്സീന്‍ എടുത്തവരില്‍ ആന്‍റിബോഡികളുടെ തോത് കുറവാണെന്ന് പഠനം. ഈ വിഭാഗത്തില്‍പ്പെട്ടവരില്‍ IgG, ന്യൂട്രലൈസിങ് ആന്‍റിബോഡികള്‍ എന്നിവ മറ്റ് രണ്ട് കൂട്ടരെയും അപേക്ഷിച്ച് കുറവാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചേര്‍ന്ന് നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തിയത്. രണ്ടാമത്തെ ഡോസ് വാക്സീന്‍ എടുത്ത ശേഷം ഇവരില്‍ പ്രതിരോധ പ്രതികരണം കുറഞ്ഞ് വരുന്നതിനാല്‍ ഈ വിഭാഗക്കാര്‍ നിര്‍ബന്ധമായും ബൂസ്റ്റര്‍ ഡോസ് വാക്സീന്‍ എടുക്കണമെന്ന് ഗവേഷകര്‍ പറയുന്നു.
രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്സീന്‍ എടുത്തവരിലെ ബി.1, ഡെല്‍റ്റ, ബീറ്റ, ഒമിക്രോണ്‍ വകഭേദങ്ങളോടുള്ള ആന്‍റിബോഡി പ്രതികരണമാണ് ഗവേഷകര്‍ പരിശോധിച്ചത്. കോശങ്ങളെ അണുക്കളില്‍ നിന്ന് പ്രതിരോധിച്ച് നിര്‍ത്തുന്നത് ന്യൂട്രലൈസിങ് ആന്‍റിബോഡികളാണ്. അണുബാധ മൂലമോ വാക്സിനേഷന്‍ മൂലമോ ഇവയുടെ ഉത്പാദനം ഉത്തേജിപ്പിക്കപ്പെടാം.
ശ്വേത രക്താണുക്കള്‍ ഉത്പാദിപ്പിക്കുന്ന ഗ്ലൈകോപ്രോട്ടീന്‍ കണികകളാണ് IgG എന്ന ഇമ്മ്യൂണോഗ്ലോബിന്‍. വൈറസുകളെയും ബാക്ടീരിയകളെയും തിരിച്ചറിയുകയും അവയോട് ഒട്ടിച്ചേര്‍ന്ന് നിന്ന് അവയെ നശിപ്പിക്കാന്‍ ശരീരത്തെ സഹായിക്കുകയുമാണ് ഇവയുടെ ദൗത്യം.
രാജ്യത്തെ പല സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസുകൾ വ്യാപകമായി വിതരണം ചെയ്യണമെന്നും ഗവേഷണ റിപ്പോർട്ട് നിർദ്ദേശിക്കുന്നു. ജേണല്‍ ഓഫ് ഇന്‍ഫെക്‌ഷനിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.