ചെന്നൈ: തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ രഥോത്സവത്തിനിടെ 10 പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. തഞ്ചാവൂർ ജില്ലയിലെ കാളിമേട് ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിനിടെയാണ് സംഭവം നടന്നത്. രണ്ട് കുട്ടികളടക്കം 10 പേരാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
ക്ഷേത്ര രഥം ഭക്തർ വലിക്കുന്നതിനിടെ വൈദ്യുത കമ്പിയിൽ കുടുങ്ങിയായിരുന്നു അപകടം. 94-ാമത് അപ്പര്‍ ഗുരുപൂജ ഉത്സവമായിരുന്നു ഇന്നലെ ക്ഷേത്രത്തിൽ നടന്നത്. ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ സമീപത്തുളള പ്രദേശ വാസികളുടെ വൻ ജനാവലി ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു.
ചടങ്ങിൽ പങ്കെടുത്ത ഭക്തർ ക്ഷേത്ര രഥം തെരുവിലൂടെ വലിക്കുമ്പോള്‍ വൈദ്യുത കമ്പി രഥത്തില്‍ കുടുങ്ങി. ഇതോടെ 2 കുട്ടികളടക്കം 10 പേർക്ക് വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ 10 പേരും മരിച്ചു. അതേസമയം, അപകടത്തിൽ പരിക്കേറ്റ മറ്റ് നിരവധി പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണ സംഖ്യ ഇനിയും ഉയരാൻ ഇടയുണ്ട്.സ്ഥിതി കൂടുതൽ അപകടകരമായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവ സ്ഥലത്ത് വെള്ളം നിറഞ്ഞതാണ് സ്ഥിതി മോശമാക്കിയത്. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ ചികിത്സയിൽ തുടരുന്നു. അതേസമയം, ക്ഷേത്ര രഥത്തിൽ നിന്ന് 50 ഓളം പേർ ഇറങ്ങി ഓടിയതിനാൽ വൻ നാശനഷ്ടം ഒഴിവായി.