തിരുവനന്തപുരം: സിപിഐ ഭരിക്കുന്ന റവന്യൂ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ദുരന്ത നിവാരണ അതോറിറ്റി മുഖ്യമന്ത്രി ഏറ്റെടുക്കുന്നു. ദുരന്ത നിവാരണഅതോറിറ്റിയുടെ പ്രവർത്തനത്തിന് വിവിധ വകുപ്പുകളുടെ ഏകോപനം വേണ്ടിവരുന്നത് ചൂണ്ടിക്കാട്ടിയാണ് ഏകോപനം മുഖ്യമന്ത്രി ഏറ്റെടുക്കാനുള്ള നിർദേശം മുന്നോട്ടുവച്ചത്. റവന്യൂ വകുപ്പ് കൈയാളുന്ന അധികാരം നഷ്ടമാകുന്നതിൽ വകുപ്പ് ഭരിക്കുന്ന സിപിഐക്ക് എതിർപ്പുണ്ട്.
കഴിഞ്ഞ ഒരുവർഷത്തോളമായി സിപിഎമ്മിനും സിപിഐയ്ക്കും ഇടയിലുള്ള തർക്ക വിഷയം കൂടിയാണിത്. കഴിഞ്ഞ ദിവസം നടന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ വിഷയം ചർച്ചയ്ക്ക് വന്നെങ്കിലും ഇക്കാര്യത്തിൽ തീർപ്പ് ഉണ്ടായിട്ടില്ല. അധികാരങ്ങൾ വിട്ടുകൊടുക്കുന്നതിനെതിരേ യോഗത്തിൽ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം ഒരിക്കൽകൂടി ചർച്ച ചെയ്ത് വിഷയത്തിൽ തീരുമാനമെടുക്കാമെന്നാണ് കാനം രാജേന്ദ്രൻ പറഞ്ഞത്.
മഹാമാരിയുടെ കാലമായതിനാൽ ആരോഗ്യവകുപ്പ് അടക്കമുള്ള പ്രധാന വകുപ്പുകളുടെ ഏകോപനം ദുരന്ത നിവാരണ അതോറിറ്റിക്ക് അനിവാര്യമാണ്. വിവിധ വകുപ്പുകളെ ഏകോപിക്കുന്ന ചുമതല ഏതെങ്കിലും ഒരു വകുപ്പിന് ചെയ്യാനാകില്ലെന്നും ഇത് മുഖ്യമന്ത്രിക്ക് മാത്രമേ സാധിക്കുവെന്നും ചൂണ്ടിക്കാട്ടിയാണ് മാറ്റം വേണമെന്ന ആവശ്യം ഉയർന്നത്.