തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് തന്നെ പുതിയ അധ്യയനവര്‍ഷം ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണയും ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി തന്നെയായിരിക്കും. പ്രവേശനോത്സവവും, ക്ലാസ്സുകളും, ഓണ്‍ലൈന്‍ വഴി കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ വീക്ഷിക്കാന്‍ സംവിധാനമുണ്ടാകും.
വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളാണ് നിലവില്‍ ജൂണ്‍ ഒന്നിന് ആരംഭിക്കുന്നത്. പ്ലസ് വണ്‍ ക്ലാസുകളും പരീക്ഷയും ഇതുവരെ പൂര്‍ത്തിയാകാത്തതിനാല്‍ പ്ലസ് ടു ക്ലാസുകള്‍ തുടങ്ങുന്നത് സംബന്ധിച്ച് തീരുമാനം വൈകിയേക്കും.
കോളജുകളിലും ജൂണ്‍ ഒന്നിന് തന്നെയാകും ക്ലാസുകള്‍ ആരംഭിക്കുക. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന്‍റെ നേതൃത്വത്തില്‍ നടന്ന വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. അവസാന വര്‍ഷ ബിരുദ-ബിരുദാനന്തര പരീക്ഷകള്‍ ജൂണ്‍ 15 മുതല്‍ ഷെഡ്യൂള്‍ ചെയ്ത് ജൂലൈ 31 നകം ഫലം പ്രസിദ്ധീകരിക്കാനും മന്ത്രിയുടെ നിര്‍ദേശമുണ്ട്.
ഒൻപതാം ക്ലാസ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രൊമോഷൻ ഉണ്ടാകും
സംസ്ഥാനത്ത് സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ പ്രൊമോഷൻ, പ്രവേശനം, ടി. സി എന്നിവ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നേരത്തെ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. സംസ്ഥാനത്തെ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളേയും വിദ്യാഭ്യാസ അവകാശ നിയമപ്രകാരം തൊട്ടടുത്ത ക്ലാസിലേക്ക് കയറ്റം നല്‍കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. നിലവിലെ അസാധാരണ സാഹചര്യം പരിഗണിച്ച് ഒമ്ബതാം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും പ്രൊമോഷൻ നല്‍കാനുമാണ് നിര്‍ദേശം.
ഒരുവര്‍ഷക്കാലം വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ നടത്തിയ പഠനപ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തുകയും, ഇതിനായി പുതിയ ക്ലാസുകളിലേക്ക് പ്രൊമോഷന്‍ നല്‍കുന്ന കുട്ടികളെ ക്ലാസ് ടീച്ചര്‍മാര്‍ ഫോണ്‍വഴി ബന്ധപ്പെടുകയും ചെയ്യണം. കുട്ടികളുടെ അക്കാദമിക് നിലവാരം, വൈകാരിക പശ്ചാത്തലം എന്നിവ സംബന്ധിച്ച് വിശദമായി സംസാരിക്കുകയും റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്യും.
ക്ലാസ് ടീച്ചര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ ഹെഡ്മാസ്റ്റർ / ഹെഡ്മിസ്ട്രസ് അതത് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നല്‍കണം. വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ക്രോഡീകരിച്ച റിപ്പോര്‍ട്ട് മേയ് 31-നകം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.