ഇടുക്കി: ജില്ലയില്‍ ഏലപ്പാറയ്ക്കും സമീപ വില്ലേജുകള്‍ക്കുമായി നടപ്പിലാക്കുന്ന സമഗ്ര ശുദ്ധ ജലവിതരണ പദ്ധതിയുടെ ഭാഗമായി പീരുമേട് ഗ്രാമപഞ്ചായത്തില്‍ 2018 – 19 സംസ്ഥാന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച ശുദ്ധജല വിതരണ ശൃംഖലയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു.
ചടങ്ങില്‍ പീരുമേട് എംഎല്‍എ ഇ.എസ്. ബിജിമോള്‍ അധ്യക്ഷത വഹിച്ചു.കേരള ജല അതോറിറ്റി മാനേജിങ് ഡയറക്ടര്‍ വെങ്കടേസപതി ചടങ്ങില്‍ സ്വാഗതം പറഞ്ഞു. കേരള ജല അതോറിറ്റി ടെക്‌നിക്കല്‍ മെമ്പര്‍ ജി. ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഏലപ്പാറക്കും സമീപ വില്ലേജുകള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.പീരുമേട് ഗ്രാമപഞ്ചായത്തിലെ എല്ലാ മേഖലകളിലും വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ രാജമുടി, ഗ്രാമ്പി മേഖലകളിലും ഉള്‍പ്പെട്ട 37873 പേര്‍ക്ക് ഇതുകൊണ്ട് പ്രയോജനം ലഭിക്കും. ജലജീവന്‍ മിഷന്‍ പദ്ധതി വഴി പീരുമേട് പഞ്ചായത്തിലെ 3035 കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കുന്ന പ്രവര്‍ത്തിയും പുരോഗമിച്ചു വരികയാണ്. യോഗത്തില്‍ ജനപ്രതിനിധികള്‍ ,ജല വിഭവ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.