ഇന്ത്യയുടെ വികസന കുതിപ്പിന് കരുത്തു പകരുന്ന കഠിനാധ്വാനികളായ എല്ലാ മലയാളികൾക്കും പ്രധാന മന്ത്രി നന്ദി അറിയിച്ചു.
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി വൻ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനായി ഞായറാഴ്ച്ച കേരളത്തിലെത്തി. കൊച്ചി റിഫൈനറിയിൽ ഭാരത് പെട്രോളിയത്തിൻ്റെ പ്രൊപ്പിലീൻ ഡെറിവേറ്റീവ്സ് പെട്രോകെമിക്കൽ കോംപ്ലക്സും, കൊച്ചിൻ പോര്‍ട്ട് ട്രസ്റ്റിൻ്റെ ആധുനിക ക്രൂസ് ടെര്‍മിനലും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു.
കപ്പൽ ശാലയുടെ കീഴിലുള്ള മറൈൻ എൻജിനീയറിങ് പരിശീലനകേന്ദ്രമായ വിജ്ഞാന സാഗര്‍ ക്യാംപസ് ഉദ്ഘാടനം ചെയ്ത മോദി വില്ലിങ്ടൺ ഐലൻഡ് – ബോള്‍ഗാട്ടി റോ-റോ യാനങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു. പോര്‍ട്ട് ട്രസ്റ്റിൻ്റെ സൗത്ത് കോള്‍ ബെര്‍ത്തിൻ്റെ ശിലാസ്ഥാപനം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നീ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ, പ്രധാനമന്ത്രി നിര്‍വഹിച്ചു. കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാനും,മൻസൂഖ് എൽ മണ്ഡവ്യ എന്നിവരും പ്രധാനമന്ത്രിയ്ക്കൊപ്പം ഉണ്ടായിരുന്നു. 6000 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നതെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാൻ, കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇതാദ്യമായാണ് രാജ്യത്ത്, ഇറക്കുമതിയിലൂടെ മാത്രം ലഭ്യമായിരുന്ന നീഷ് പെട്രോളിയം ഉത്പന്നങ്ങള്‍, തദ്ദേശീയമായി നിര്‍മിക്കാനുള്ള പ്രൊപ്പിലീൻ ഡെറിവേറ്റീവ്സ് പെട്രോകെമിക്കൽ പാര്‍ക്ക് തയ്യാറാക്കുന്നതെന്ന് പെട്രോളിയം മന്ത്രി ശനിയാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
കൊച്ചിയിലെ പുതിയ ക്രൂസ് ടെര്‍മിനൽ ടൂറിസം മേഖലയിൽ വലിയ വികസനത്തിന് വഴിവെക്കുമെന്ന്, ഷിപ്പിങ് മേഖലയുടെ ചുമതലയുള്ള സഹമന്ത്രി മൻസുഖ് മണ്ഡവ്യ പറഞ്ഞു. എഫ്എസിടിയ്ക്കു വേണ്ടി രാസവസ്തുക്കളും, വളവും, കപ്പൽ വഴി എത്തിക്കാനാണ് സൗത്ത് കോള്‍ ബെര്‍ത്തിൻ്റെ പുനര്‍നിര്‍മാണം.
ഒരു മണിക്കൂറോളം നീണ്ടു നിന്ന പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം പ്രധാന മന്ത്രി ഡൽഹിയിലേക്ക് തിരിച്ചു.