ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപം നടന്ന സ്ഫോടനത്തില്‍ ഉപയോഗിച്ചത് തീവ്ര സ്ഫോടക ശേഷിയുള്ള PETN (PENTA ERYTHRITOL TETRA NITRATE ) സ്ഫോടക വസ്തു. ഇതിന്റെ കൂടെ 9 വാട്ട് ഹൈവാട്ട് ബാറ്ററിയും കണ്ടെടുത്തു. ഇന്ത്യന്‍-ഇസ്രായേല്‍ ഏജന്‍സികള്‍ സഹകരിച്ച്, സ്ഫോടനത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്ന് ഇസ്രായേല്‍ അംബാസഡര്‍ റോണ്‍ മാല്‍ക്ക പറഞ്ഞു.
ട്രാന്‍സിസ്റ്റര്‍ റേഡിയോകളില്‍ ഉപയോഗിക്കുന്ന 9 വാട്ട് ഹൈവാട്ട് ബാറ്ററിയുടെ അവശിഷ്ടങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇന്ത്യന്‍ മുജാഹിദീനും ലഷ്‌കര്‍-ഇ-തോയിബയും ചേര്‍ന്നു നിർമ്മിക്കുന്ന ബോംബുകളില്‍ ഇത്തരം ബാറ്ററികള്‍ നേരത്തെ ഉപയോഗിച്ചിരുന്നു.
ഡോ. എ പി ജെ അബ്ദുള്‍ കലാം റോഡിലെ ഇസ്രായേല്‍ എംബസിയുടെ സമീപത്ത് നിന്ന് കണ്ടെത്തിയ സ്ഫോടക വസ്തു ബോള്‍ ബെയറിങ് ഉപയോഗിച്ച് പാക്ക് ചെയ്ത് ക്യാനിലാക്കി ഫ്ലവര്‍ വേസില്‍ നിറയ്ക്കുകയായിരുന്നുവെന്നാണ് പറയുന്നത്. കാറിന്റെ ചില്ലുകള്‍ തകര്‍ന്നത്, ബോള്‍ ബെയറിങ് ചിതറി തെറിച്ചായിരുന്നു.
സ്‌ഫോടനം ഉണ്ടായത് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ശേഷമാണ്. ഈ അന്വേഷണം നടക്കുന്നത് ഇസ്രായേല്‍ സ്ഥാപനങ്ങള്‍ക്കെതിരെ ഏകോപിത ആക്രമണം നടത്താനുള്ള ശ്രമമാണിതെന്നുള്ള കണക്കുകൂട്ടലിലാണ്. സംഭവം നടന്ന സ്ഥലത്ത് ഇസ്രായേല്‍ എംബസി അംബാസഡറെ അഭിസംബോധന ചെയ്ത ഒരു കവര്‍ കണ്ടെത്തി. കത്തിൽ ഭീഷണിയുടെ സ്വരം കണ്ടെത്തി. സ്ഫോടനത്തെ “ട്രെയിലര്‍” എന്നാണ് വിശേഷിപ്പിക്കുന്നത്.
ഒന്നിലധികം സംഘങ്ങള്‍ ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ സഹായത്തോടെ സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.