കൊറോണ വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട്, രാജ്യം മുഴുവൻ പ്രധാനമന്ത്രിയെ പ്രശംസിക്കുമ്പോൾ, കേന്ദ്ര സർക്കാരിനെ ചോദ്യം ചെയ്ത് കോൺഗ്രസ്.
ന്യൂഡൽഹി: കൊറോണ വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട്, രാജ്യം മുഴുവൻ പ്രധാനമന്ത്രിയെ പ്രശംസിക്കുമ്പോൾ, കേന്ദ്ര സർക്കാരിനെ ചോദ്യം ചെയ്ത് കോൺഗ്രസ്. കേന്ദ്ര സർക്കാർ ആർക്കൊക്കെയാണ് സൗജന്യമായി കൊറോണ വാക്‌സിൻ നൽകുകയെന്നും എപ്പോൾ വിതരണം ചെയ്യുമെന്നും വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് രൺദീപ സുർജേവാല ആവശ്യപ്പെട്ടു.
രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്‌സിൻ എപ്പോഴാണ് വിതരണം ചെയ്യുകയെന്ന് വ്യക്തമാക്കണം. നിലവിൽ ആരോഗ്യ പ്രവർത്തകർക്കാണ് കൊറോണ വാക്‌സിൻ നൽകുന്നത്.16.5 മില്യൺ വാക്‌സിൻ ഡോസുകൾ ഇന്ത്യ വാങ്ങിയതായി ഡ്രഗ്‌സ് കൺട്രോളർ വി ജെ സോമനി പറഞ്ഞിരുന്നു. ഇതിൽ 5.5 മില്യൺ ഡോസുകൾ ഭാരത് ബയോടെകിൽ നിന്നും 11 മില്യൺ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുമാണ് വാങ്ങിയത്. ഒരു വ്യക്തിക്ക് രണ്ട് ഡോസ് ലഭിച്ചാൽ വാക്‌സിനുകൾ 82,500 ലക്ഷം ആരോഗ്യ പ്രവർത്തകർക്ക് നൽകാം. മൂന്ന് കോടി വാക്‌സിനുകൾ ആദ്യ ഘട്ടത്തിൽ നൽകുമെന്ന് പ്രധാനമന്ത്രി മോദി നേരത്തെ പറഞ്ഞിരുന്നു. 135 കോടി ജനങ്ങൾക്ക് എപ്പോൾ വാക്‌സിൻ നൽകുമെന്നും വാക്‌സിൻ സൗജന്യമായി നൽകുമോയെന്നും സുർജേവാല ചോദിച്ചു.
കൊവിഷീൽഡിനേക്കാൾ, കൊവാക്‌സിന് പണം മുടക്കുന്നത് എന്തിനാണ്. കൊവിഷീൽഡിന്റെ നിർമ്മാണ ചെലവ് 158 രൂപയാണ്. അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് 200 രൂപയ്ക്ക് കൊവിഷീൽഡ് ഇന്ത്യയിൽ വിൽക്കുന്നത്. ആസ്ട്രാസെനേക ലാഭമില്ലാതെ മരുന്ന് വിൽക്കും എന്ന പറയുമ്പോൾ സെറം ഇൻസ്റ്റിറ്റ്യൂട്ട് മരുന്ന് പൊതുവിപണിയിൽ 500 ശതമാനം ലാഭത്തിനാണ് വിൽക്കുന്നതെന്നാണ് സുർജേവാലയുടെ ആരോപണം.
വാക്‌സിൻ വിതരണം ആരംഭിച്ചതിന് രാജ്യത്തൊട്ടാകെയുള്ള ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സർക്കാരിനേയും പ്രശംസിക്കുമ്പോഴാണ് വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തുന്നത്.