ജീവിതശൈലിയിൽ മാറ്റം വരുത്തിയില്ലെങ്കിൽ സർവ്വനാശം കാത്തിരിക്കുന്നു ; ലോക നേതാക്കൾ

0
97

ഇങ്ങനെ പോയാൽ മനുഷ്യവംശത്തിന്റെ നിലനിൽപ് ഉടൻ തന്നെ ഭീഷണിയിലാകുമെന്ന് ഐക്യരാഷ്ട്ര സംഘടന (യുഎൻ) സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ്. സംഭവം കുട്ടിക്കളിയല്ലെന്നും ആഗോള കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ആഗോളതാപനം (Global Warming) കുറയ്ക്കാൻ രാജ്യങ്ങളെല്ലാം തയാറാവണമെന്നും യുഎൻ തലവൻ ആവശ്യപ്പെട്ടു. ലോകമെങ്ങും ആവർത്തിച്ചുണ്ടാകുന്ന പ്രളയം, അതിവർഷം, കടലേറ്റം, വരൾച്ച മഹാമാരികൾ, കാട്ടുതീ തുടങ്ങിയവ വരാനിരിക്കുന്ന കൊടും ദുരന്തത്തിന്റെ കാലടി ശബ്ദമാണെന്നു ലോകനേതാക്കളും, ജനങ്ങളും തിരിച്ചറിയണമെന്നും യുഎൻ മുന്നറിയിപ്പു നൽകുന്നു.

ചൂട് അത്യന്തം അപകടകരമായ 3 ഡിഗ്രി കൂടുതൽ എന്ന നിലയിലേക്ക് ഉയരുകയാണെന്നുമാണു ശാസ്ത്രസമൂഹം ആശങ്കപ്പെടുന്നത്. ഇതു ലോകവ്യാപകമായി കാലാവസ്ഥ തകിടം മറിയാനും മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും ജീവൻ അപകടത്തിലാക്കാനും ഇടയാക്കും. ലോകത്തിലെ ഏറ്റവും ദരിദ്രരായ 50 % ജനങ്ങൾ സൃഷ്ടിക്കുന്ന കാർബൺ ബഹിർഗമനത്തിന്റെ ഇരട്ടിയാണു ലോക സമ്പന്നരിലെ ഒരു ശതമാനം മാത്രം സൃഷ്ടിക്കുന്നതെന്ന അസമത്വത്തിന്റെ ഞെട്ടിക്കുന്ന കണക്കും യുഎൻ പുറത്തുവിട്ടു. ആഗോളതാപനം 2030ൽ രണ്ടു ഡിഗ്രിയിൽ താഴെ നിർത്തണമെങ്കിൽ ആളോഹരി കാർബൺ പാദമുദ്ര (Carbon Footprint) 2.5 ടണ്ണിൽ നിർത്തണം. ലോകത്തെ ദരിദ്രജനങ്ങളിൽ 50 ശതമാനത്തിന്റെ ഉപഭോഗം ഇപ്പോഴേ ഇതിനു താഴെയാണ്. അതേസമയം, ലോകത്തിലെ ധനികരായ 10 ശതമാനം പേരുടെ കാർബൺ ഉപഭോഗം പത്തിലൊന്നായി ചുരുക്കേണ്ടി വരും. പുനരുപയോഗിക്കാവുന്ന വൈദ്യുതി ഉപഭോഗം, ഭക്ഷണശീലം, ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം തുടങ്ങിയ ജീവിതശൈലീ മാറ്റങ്ങളിലൂടെ ഓരോ വ്യക്തിക്കും ആഗോള കാർബൺ ഉപഭോഗത്തിൽ കുറവ് വരുത്താനാകുമെന്നും യുഎൻ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയുടെ വാഗ്ദാനം

ലോകത്തിലെ ഏറ്റവും വലിയ കാർബൺ ഉപഭോഗ രാഷ്ട്രമായ ചൈന 2060ൽ കാർബൺ ബഹിർഗമനം പൂജ്യം ശതമാനത്തിലെത്തിക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്. ചൈനയുടെ സൗര, കാറ്റ് വൈദ്യുതി ഉൽപാദനം 2030 ആകുമ്പോഴേക്കും ഇപ്പോഴുള്ളതിന്റെ ഇരട്ടിയായ 1,200 ജിഗാവാട്ടിലെത്തുമെന്നു പ്രസിഡന്റ് ഷി ചിൻപിങ് യോഗത്തിൽ പ്രഖ്യാപിച്ചു. 2030ൽ 450 ജിഗാവാട്ട് ബദൽ ഊർജോൽപാദനമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന 2047ൽ ഇന്ത്യ കാർബൺ ഉപഭോഗം കുറയ്ക്കുന്നതിൽ നിലവിലെ ലക്ഷ്യം മറികടക്കുമെന്നാണു പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയിൽ പ്രഖ്യാപിച്ചത്.

ആശങ്കയുടെ പഠനങ്ങൾ

അതേസമയം കാര്യങ്ങൾ വളരെയേറെ വൈകിക്കഴിഞ്ഞുവെന്നും ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ലക്ഷ്യമിട്ട 2 ഡിഗ്രിയിലേക്ക് ആഗോളതാപനനിരക്ക് കുറയ്ക്കണമായിരുന്നെങ്കിൽ 1960–70 കാലഘട്ടത്തിൽ തന്നെ പൂജ്യം കാർബൺ ബഹിർഗമനത്തിൽ ലോകം എത്തണമായിരുന്നെന്നാണ് ഇവ പറയുന്നത്. തിരിച്ചുപോകാനാകാത്ത 50 വർഷങ്ങൾ നമ്മൾ പിന്നിട്ടു കഴിഞ്ഞുവെന്നും ഇനിയെത്ര വേഗം പൂജ്യം ശതമാനത്തിൽ നമ്മുടെ കാർബൺ ബഹിർഗമനത്തോത് എത്തിയാലും പരിസ്ഥിതി നേരിട്ട ആഘാതത്തിൽ നിന്നു പുറത്തുകടക്കാൻ നൂറ്റാണ്ടുകൾ വേണ്ടിവരുമെന്നും പറയുന്നു. കഴിഞ്ഞ വർഷമായിരുന്നു (2019) ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ചേറ്റവും ചൂടു കൂടിയ രണ്ടാമത്തെ വർഷം. 2020 ആ റെക്കോർഡും ഭേദിക്കുമെന്ന ആശങ്കയിലാണു ശാസ്ത്രജ്ഞർ. ധ്രുവങ്ങളിലെ മഞ്ഞുരുകലിന്റെ വേഗം കണക്കുകൂട്ടിയാൽ 2100 ആകുമ്പോഴേക്കും സമുദ്രനിരപ്പ് ഇപ്പോഴുള്ളതിനേക്കാൾ കുറഞ്ഞത് ഒരു മീറ്ററെങ്കിലും ഉയരുമെന്നു വിവിധ പഠനങ്ങൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇതു തീരപ്രദേശങ്ങളിൽ താമസിക്കുന്ന കോടിക്കണക്കിനു ജനങ്ങളുടെ അതിജീവനത്തെ നേരിട്ടു ബാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here