തിരുവോണത്തിന് ബവ്റിജസ് ഔട്ട് ലറ്റുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനം. ബാറുകളിലെ മദ്യ കൗണ്ടറുകള്‍ തുറക്കുമോയെന്ന കാര്യത്തില്‍ തീരുമാനം പിന്നീടുണ്ടാകുമെന്നും എക്സൈസ് അറിയിച്ചു. മദ്യക്കൗണ്ടറുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന സമ്മര്‍ദം ബാറുകള്‍ ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഔട്ട് ലെററുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ബാറുകള്‍ തുറക്കാനുള്ള അനുമതി നല്‍കിയിരുന്നു. ഇത്തവണ ബാറുകളില്‍ മദ്യക്കടകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. തൊഴിലാളികളുടെ ദീര്‍ഘനാളത്തെ ആവശ്യം പരിഗണിച്ചാണ് ഔട്ട്ലെറ്റുകള്‍ക്ക് അവധിയെന്നായിരുന്നു സര്‍ക്കാരിന്‍റെ ന്യായീകരണം. ഇത്തവണയും തിരുവോണത്തിനു ഔട്ട് ലെറ്റുകള്‍ക്ക് അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി കഴിഞ്ഞു.
ഔട്ട് ലെറ്റുകളിലെ തൊഴിലാളികള്‍ക്കുള്ള പരമാവധി ബോണസ് 85,000 രൂപയായി നിജപ്പെടുത്തി. ലോക്ക്ഡൗണ്‍ കാലത്ത് അടഞ്ഞു കിടന്ന കൗണ്ടറുകള്‍ മേയ് 26 മുതലാണ് വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയത്. തിരുവോണ ദിവസം 100 കോടി വരെ വില്‍പന ഔട്ട് ലെറ്റുകള്‍ക്ക് നേരത്തെയുണ്ടാകാറുണ്ടായിരുന്നു.
കഴിഞ്ഞവര്‍ഷം തിരുവോണത്തിനു ഔട്ട് ലെറ്റുകള്‍ അടഞ്ഞു കിടന്നതോടെ ബാറുകള്‍ക്ക് മികച്ച വരുമാനമാണ് കിട്ടിയത്. ഇത്തവണ ബാറുകളിലും കൗണ്ടറുകള്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാല്‍ സര്‍ക്കാര്‍ തീരുമാനം എന്താകുമെന്നാണ് അറിയേണ്ടത്. അതേസമയം, തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബാറുടമകളുടെ അസോസിയേഷന്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും എക്സൈസ് അറിയിച്ചു.