തിരുവനന്തപുരം : വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രതി ബിജുലാലുമായി തെളിവെടുപ്പ് തുടങ്ങി. ബിജുലാലിന്റെ ബാലരാമപുരത്തെ കുടുംബ വീട്ടിലും, ബന്ധുവീടുകളിലുമാണ് തെളിവെടുപ്പ് നടത്തിയത്. ബാലരാമപുരം പയറ്റുവിളയിലെ വീടിന്റെ പുനർനിർമാണത്തിന് ട്രഷറിയിൽ നിന്ന് തട്ടിയെടുത്ത പണം ഉപയോഗിച്ചെന്ന അന്വേഷണ സംഘത്തിന്റെ വിലയിരുത്തലിനെ തുടർന്നാണ് തെളിവെടുപ്പ്.
ഇന്നലെ വൈകിട്ടാണ് പ്രതി ബിജുലാലിനെ അന്വേഷണ സംഘത്തിന് കസ്റ്റഡിയിൽ ലഭിച്ചത്. തുടർന്ന് ചോദ്യം ചെയ്യലിന് ശേഷം ഇന്ന് രാവിലെ തെളിവെടുപ്പ് ആരംഭിച്ചു. ആദ്യമെത്തിച്ചത് ബാലരാമപുരം പയറ്റുവിളയിലെ കുടുംബ വീട്ടിലാണ്. ഇവിടെ മൂന്നു മണിക്കൂറോളം തെളിവെടുപ്പ് തുടർന്നു. പിന്നീട് ബിജുലാലിനെ കരമനയിലെ വീട്ടിലെത്തിച്ചു. ബിജുലാൽ ഒളിവിൽ പോകുന്നതിനു മുൻപ് ഈ രണ്ടു വീടുകളിലുമെത്തിയിരുന്നു. ഇവിടങ്ങളിൽ തെളിവ് നശിപ്പിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാകും അന്വേഷണ സംഘം പരിശോധിക്കുക.
ബിജുലാലിന്റെ വഴയിലയിലുള്ള സഹോദരിയുടെ വീട്ടിലെ തെളിവെടുപ്പും നിർണ്ണായകമാണ്. തട്ടിപ്പ് നടന്ന വഞ്ചിയൂർ സബ് ട്രഷറിയിൽ നാളെയാകും ബിജുലാലിനെയെത്തിച്ച് തെളിവെടുക്കുന്നത്.കൂടാതെ ആദ്യം തട്ടിയെടുത്ത 74 ലക്ഷം രൂപ ഉപയോഗിച്ച് ഭാര്യക്ക് സ്വർണവും, സഹോദരിക്ക് സ്ഥലം വാങ്ങാൻ അഡ്വാൻസും നൽകിയെന്ന് ബിജുലാൽ മൊഴി നൽകിയിരുന്നു. ഇതിനുള്ള തെളിവുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.