ഞെട്ടലോടെ ലോകം ; അമേരിക്കന്‍ പാര്‍ലമെന്‍റിലേക്ക് അതിക്രമിച്ച് കയറി ട്രംപ് അനുകൂലികള്‍

0
76
Trump supporters clash with police and security forces as they storm the US Capitol in Washington, DC on January 6, 2021. - Thousands of Trump supporters, fueled by his spurious claims of voter fraud, flooded the nation's capital protesting the expected certification of Joe Biden's White House victory by the US Congress. (Photo by Brendan SMIALOWSKI / AFP) (Photo by BRENDAN SMIALOWSKI/AFP via Getty Images)

ലോകം അമേരിക്കന്‍ പാര്‍ലമെന്‍റിന് നേരെ നടന്ന ആക്രമത്തിന്‍റെ ഞെട്ടലിലാണ് . യുഎസ് ചരിത്രത്തിൽ ഇതാദ്യമാണ് പാർലമെന്റ് സമ്മേളിക്കുന്നതിടെ ഇത്തരമൊരു സുരക്ഷാവീഴ്ച.

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍, അമേരിക്കന്‍ പാര്‍ലമെന്‍റിലേക്ക് അതിക്രമിച്ച് കയറി. പ്രതിഷേധത്തിനിടെ കാപ്പിറ്റോള്‍ മന്ദിരത്തിനുള്ള ഒരു സ്ത്രീ വെടിയേറ്റു മരിച്ചതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഔദ്യോഗികമായി നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍റെ വിജയത്തിന്അംഗീകാരം നല്‍കാന്‍ യുഎസ് കോണ്‍ഗ്രസിന്‍റെ ഇരു സഭകളും ചേരുന്നതിനിടെയാണ് ട്രംപ് അനുകൂലികളുടെ ആക്രമണം ഉണ്ടായത്.

അക്രമാസക്തരായ ആയിരക്കണക്കിന് ട്രംപ് അനുകൂലികലികളാണ്, കാപ്പിറ്റോള്‍ മന്ദിരത്തിലെ സുരക്ഷ വലയം ഭേദിച്ച് പാര്‍ലമെന്‍റിന് അകത്തേക്ക് കടന്നത്. പൊലീസുകാരുമായി ഉന്തും തള്ളും ആരംഭിച്ച പ്രതിഷേധക്കാര്‍ ആദ്യം ബാരിക്കേഡുകള്‍ തകര്‍ത്തു. പാര്‍ലമെന്‍റിന്‍റെ കവാടങ്ങള്‍ ഉടന്‍ തന്നെ അടച്ചു പൂട്ടിയെങ്കിലും പ്രതിഷേധക്കാര്‍ അകത്തേക്ക് കടക്കുന്നത് തടയാന്‍ സാധിച്ചില്ല.

പ്രതിഷേധത്തിനിടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കാപ്പിറ്റോൾ മന്ദിരത്തിനു സമീപത്തു നിന്ന് സ്ഫോടകവസ്തു കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും മികച്ച രീതിയില്‍ സമ്മേളിക്കുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയാണ് ആക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രതിഷേധക്കാര്‍ സെനറ്റിലേക്കും സഭാഹാളിലും വരെ എത്തിയതോടെ ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവെച്ചിരുന്നു. യുഎസ് കോണ്‍ഗ്രസില്‍ നിന്നും അംഗങ്ങളെ അടിയന്തരമായി ഒഴിപ്പിച്ചു. അമേരിക്കന്‍ പാര്‍ലമെന്‍റിന് നേരെ നടന്ന ആക്രമത്തിന്‍റെ ഞെട്ടലിലാണ് ലോകം. യുഎസ് ചരിത്രത്തിൽ ഇതാദ്യമാണ് പാർലമെന്റ് സമ്മേളിക്കുന്നതിടെ ഇത്തരമൊരു സുരക്ഷാവീഴ്ച.

സംഭവത്തില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ജോബൈഡന്‍ രംഗത്ത് എത്തി. കാപ്പിറ്റോൾ മന്ദിരം വളഞ്ഞ സംഭവത്തെ കലാപം സൃഷ്ടിക്കാനുള്ള ശ്രമമെന്നാണ് ജോ ബൈഡന്‍ വിശേഷിപ്പിച്ചത്. ആക്രമത്തില്‍ നിന്നും പിന്‍വാങ്ങാന്‍ അനുകൂലികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ജോ ബൈഡന്‍ ആവശ്യപ്പെട്ടു. സംഭവത്തെ അപലപിച്ച് ബ്രിട്ടണും അയര്‍ലന്‍ഡും രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here