ന്യൂഡല്‍ഹി: തലസ്ഥാന നഗരത്തിലെ 99 ഡോക്ടര്‍മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ഐ.എം.എ റിപ്പോര്‍ട്ട്. ഡല്‍ഹിയടക്കം രാജ്യത്താകമാനമുള്ള ഡോക്ടര്‍മാരില്‍ 1302 പേര്‍ക്കാണ് നിലവില്‍ കൊറോണ ബാധിച്ചിട്ടുള്ളത്. മരണപ്പെട്ട 99 ഡോക്ടര്‍മാരില്‍ കൂടുതൽ പേരും 50 വയസ്സിന് മുകളിലുള്ളവരായിരുന്നുവെന്നും മെഡിക്കല്‍ സംഘടനകള്‍ വ്യക്തമാക്കി.
“കൊറോണയ്‌ക്കെതിരെ രാജ്യത്തിന്റെ ശക്തമായ പോരാട്ടത്തിലെ ദീപശിഖാ വാഹകരാണ് ഡോക്ടര്‍മാര്‍. അവരാണ് പ്രതീക്ഷയുടെ കാഹളം മുഴക്കുന്നവര്‍. അവരുടെ മരണങ്ങള്‍ ഞെട്ടിക്കുന്നതും വലിയ നഷ്ടവുമാണ്. എല്ലാ ഡോക്ടര്‍മാരും തികച്ചും സുരക്ഷിതമായ മാനദണ്ഡങ്ങള്‍ പാലിക്കണം.” – ഐ.എം.എ ദേശീയ പ്രസിഡന്റ് ഡോ. രാജന്‍ ശര്‍മ പറഞ്ഞു.
ഡോക്ടര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ് സെമിനാറുകളും ധാരാളം നടന്നിട്ടും പലരും അലംഭാവം കാണിക്കുകയാണെന്നും ഐ.എം.എ കുറ്റപ്പെടുത്തി. ‘നിരവധി ക്ലിനിക്കുകളും ആശുപത്രികളും തുറന്നു പ്രവര്‍ത്തിക്കുകയാണ്. രോഗികളുമായി ഡോക്ടര്‍മാരാണ് അടുത്തിടപഴകുന്നത്. സ്വന്തം സുരക്ഷയ്‌ക്കൊപ്പം കുടുംബത്തിന്റെ സുരക്ഷയും പാലിക്കേണ്ടവരാണ് ഡോക്ടര്‍മാരെന്ന് മറക്കരുത്.” – ഐ.എം.എ ഓര്‍മ്മിപ്പിച്ചു.