നിരാലംബരുടേയും നിർധനരുടേയും കണ്ണീരൊപ്പി ജില്ലാകളക്ടറുടെ അദാലത്ത്

0
79

കാസർഗോഡ്: മടിക്കെ മേക്കാട്ടെ ബിന്ദു ജില്ലാ കളക്ടറുടെ ഓൺലൈൻ പരാതി പരിഹാര അദാലത്തിൽ കുടിവെള്ള കണക്ഷനു വേണ്ടിയാണ് പരാതി നൽകിയത്. ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കുടിവെള്ളം ലഭ്യമാക്കുമെന്ന് വീഡിയോ കോൺഫറൻസിലൂടെ ജില്ലാ കളക്ടർ ഡോ. ഡി.സജിത് ബാബു ഉറപ്പ് നൽകി. കളക്ടർ നേരിട്ട് സംസാരിച്ചതിന്റെ അത്ഭുതത്തിൽ ബിന്ദു ഒരു അപേക്ഷ കൂടി കളക്ടറോട് പറഞ്ഞു. അന്ധയായ മകൾക്ക് പ്ലസ് വൺ പ്രവേശനം കിട്ടിയിട്ടുണ്ട്. എന്നാൽ ഹോസ്റ്റൽ അനുവദിക്കുന്നില്ല. ദിവസവും മടിക്കൈയിൽ നിന്നും വിദ്യാനഗർ അന്ധ വിദ്യാലയത്തിൽ എത്താൻ പ്രയാസം ഏറെയാണ്. സഹായിക്കണം. അപേക്ഷ സശ്രദ്ധം കേട്ട കളക്ടർ 24 മണിക്കൂറിനകം തീരുമാനം അറിയിക്കുെമെന്ന് ഉറപ്പ് നൽകി. അത്രയും കാത്തിരിക്കേണ്ടി വന്നില്ല. അദാലത്തിനിടെ പരാതികേട്ട് അര മണിക്കൂറിനകം അപേക്ഷയ്ക്ക് പരിഹാരമായി. ബിന്ദുവിന്റെ അന്ധയായ മകൾക്ക് പഠനം മുടങ്ങില്ലെന്ന് ഉറപ്പായി. കളക്ടർ വിവരം ബിന്ദുവിന അറിയിച്ചു. ഇതുപോലെ 31 വിവിധ പരാതികളാണ് ഹൊസ്ദുർഗ് താലൂക്ക് കളക്ടറുടെ ഓൺ ലൈൻ പരാതി പരിഹാര അദാലത്തിൽ പരിഗണനയ്ക്കു വന്നത്. എല്ലാ പരാതികളും തീർപ്പ് കൽപിച്ചാണ് അദാലത്ത് അവസാനിച്ചത്.

മയിലാട്ടി ഞെക്ലിയിലെ പ്രിയ, വീട്ടിൽ പഠനമുറി പദ്ധതി ആനുകൂല്യം ലഭിക്കാത്തത് സംബന്ധിച്ചാണ് പരാതിപ്പെട്ടത്. ഈ പട്ടികജാതി കുടുംബത്തിന് പഠന മുറിക്കുള്ള സഹായവും കൂടാതെ വീട് അറ്റകുറ്റ പണികൾക്കുള്ള സഹായവും ലഭ്യമാക്കുന്നതിന് ഉചിതമായ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർക്ക് കളക്ടർ നിർദ്ദേശം നൽകി. അങ്കൺവാടി ഹെൽപർ തസ്തികയിൽ നിന്ന് വിരമിച്ച കാട്ടുകുളങ്ങരയിലെ ശാന്ത പി വി യുടെ പ്രതിമാസ പെൻഷൻ ലഭിക്കുന്നില്ലെന്ന പരാതിയിലും കളക്ടർ തീർപ്പാക്കി. അങ്കണവാടി വർക്കേഴ്‌സ് ക്ഷേമ നിധി ബോർഡ് പെൻഷൻ കുടിശിക മുഴുവനായി പരാതിക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇന്ന്‌നി ക്ഷേപിച്ചതായി കളക്ടർ അറിയിച്ചു . ഭൂപ്രശ്‌നങ്ങൾ, ഭൂനികുതി ഒടുക്കുന്നത്, കുടിവെള്ളം : വൈദ്യുതി, പെൻഷൻ പരിസര മലിനീകരണം, തുടങ്ങിയ പരാതികളാണ് ലഭിച്ചത്. എ ഡി എം എൻ ദേവീദാസ്, ഡപ്യൂട്ടി കളക്ടർ (എൽ ആർ) കെ രവി കുമാർ തഹസിൽദാർ എൻ മണിരാജ്, എൽ ആർ തഹസിൽദാർ വിജയൻ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here