പുതുവത്സരാഘോഷങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍. കൊറോണ വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായാണ് ഡിസംബര്‍ 31, ജനുവരി 1 ദിവസങ്ങളില്‍ പുതുവത്സരാഘോഷങ്ങള്‍ നിരോധിച്ചത്. ബീച്ചുകള്‍, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ക്ലബുകള്‍ തുടങ്ങി ആളുകള്‍ കൂടാന്‍ സാധ്യതയുളള സ്ഥലങ്ങളിലാണ് നിരോധനമേര്‍പ്പെടുത്തിയത്.
ബീച്ചുകളിലേക്കുളള പ്രവേശനം നിഷേധിക്കും, റോഡുകളില്‍ വാഹനം നിര്‍ത്തിയിട്ടുളള ആഘോഷങ്ങള്‍ക്കും നിയന്ത്രണമുണ്ട്. പകര്‍ച്ചവ്യാധി വ്യാപനം ഒഴിവാക്കാനാണ് ആളുകള്‍ ഒത്തുചേരുന്നത് തടഞ്ഞുകൊണ്ടുളള ഉത്തരവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. രോഗം പടരാതിരിക്കാന്‍ സമഗ്രമായ നടപടികളാണ് തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.ഏകദേശം എട്ടുമാസത്തെ കര്‍ശനമായ ലോക്ഡൗണിനു ശേഷം നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കി വരുന്നതിനിടെയാണ് വീണ്ടും രോഗബാധ കൂടാവാനുളള സാഹചര്യം കണക്കിലെടുത്ത് നടപടി.
ജനങ്ങള്‍ സര്‍ക്കാരുമായി സഹകരിക്കണം, ഹോട്ടലുകള്‍, ക്ലബുകള്‍, റിസോര്‍ട്ടുകള്‍ എന്നിവയ്ക്ക് നിലവിലെ കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യ വിദഗ്ദരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്താണ് പുതുവത്സരാഘോഷങ്ങള്‍ നിരോധിച്ചുകൊണ്ടുളള തമിഴ്‌നാട് സര്‍ക്കാരിന്‍റെ ഉത്തരവ്.