നേപ്പാള്‍ പാര്‍ലമെന്റ് പിരിച്ചു വിട്ടു.

0
73

കാഠ്മണ്ഡു: പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരി നേപ്പാള്‍ പാര്‍ലമെന്റ് പിരിച്ചു വിട്ടു. 275 അംഗ പാര്‍ലമെന്റാണ് പിരിച്ചുവിട്ടത് . കഴിഞ്ഞ ആഴ്ച വിവാദമായ എക്‌സിക്യൂട്ടീവ് ഓര്‍ഡറുമായി ബന്ധപ്പെട്ട് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കടുത്ത ഭിന്നത ഉടലെടുത്തിരുന്നു.

 

മുന്‍ പ്രധാനമന്ത്രിമാരായ പ്രചണ്ഡ(പുഷ്പ കമല്‍ ദഹല്‍), മാധവ് കുമാര്‍ നേപ്പാള്‍ എന്നിവരില്‍ നിന്ന് കടുത്ത എതിര്‍പ്പാണ് ഒലി നേരിട്ടത്. ഈ വിവാദങ്ങള്‍ക്കിടെയാണ് അപ്രതീക്ഷിതമായി പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രധാനമന്ത്രി തീരുമാനിച്ചത്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്.ഞായറാഴ്ച മന്ത്രിസഭയിലെ നാല് പേര്‍ രാജിവെച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രസിഡന്റിനെ ഒലി സന്ദര്‍ശിച്ചിരുന്നു. ഇടക്കാല സര്‍ക്കാറിനെ ഒലി തന്നെ നയിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

 

സര്‍ക്കാര്‍ തലത്തില്‍ നിര്‍ണായക നിയമനങ്ങള്‍ക്ക് പ്രധാനമന്ത്രിക്ക് അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സാണ് വിവാദമായത്. തീരുമാനം പിന്‍വലിക്കണമെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ഒലി ഈ ആവശ്യം അംഗീകരിക്കാതെ പാര്‍ലമെന്റി പിരിച്ചുവിടുകയായിരുന്നു. ഏപ്രില്‍ 30, മെയ് 10 ദിവസങ്ങളില്‍ പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്നും പ്രസിഡന്റ് അറിയിച്ചു. അതേസമയം ഭൂരിപക്ഷ സര്‍ക്കാറിനെ പിരിച്ചുവിടാന്‍ പ്രധാനമന്ത്രിക്ക് അധികാരമില്ലെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം പറഞ്ഞു.

 

പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം പാര്‍ലമെന്റ് പിരിച്ചുവിടുകയാണ് പ്രധാനമന്ത്രി ചെയ്തതെന്നും അവര്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്ക് പാര്‍ട്ടിയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാര്‍ലമെന്റ് പിരിച്ചുവിട്ടത് ഭരണഘടനാ വിരുദ്ധമാണെന്നും എത്രയും പെട്ടെന്ന് തീരുമാനം പിന്‍വലിക്കണമെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് മാധവ് കുമാര്‍ നേപ്പാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here