ലണ്ടന്‍: അസാധാരണമാം വിധം പ്രഹരശേഷിയുള്ള വൈറസിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് തികച്ചും നാടകീയമായി ആയിരുന്നു ബോറിസ് ജോണസണ്‍ ടയര്‍ 4 നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിക്ക് പുറമേ ചാന്‍സലര്‍ ഋഷി സുനാക്, ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക്, കാബിനറ്റ് ഓഫീസ് മിനിസ്റ്റര്‍ മൈക്കല്‍ ഗോവ് എന്നിവരടങ്ങിയ കോവിഡ് കാബിനറ്റ് സബ്കമ്മിറ്റി അടിയന്തരമായി ചേര്‍ന്ന് ഈ തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നു.
കഴിഞ്ഞ രണ്ടാഴ്‌ച്ചകള്‍ക്കുള്ളില്‍ ലണ്ടനില്‍ രോഗവ്യാപനം 66 ശതമാനത്തോളം വര്‍ദ്ധിച്ചതും, ലണ്ടനിലെ രോഗികളില്‍ 60 ശതമാനം പേരേയും ബാധിച്ചിരിക്കുന്നത് പ്രഹരശേഷി അധികമുള്ള പുതിയ ഇനം വൈറസാണെന്നുമുള്ള വിവരം ലഭിച്ചതോടെ അതിവേഗം കര്‍മ്മോത്സുകരാവുകയായിരുന്നു ഭരണകൂടം.അതേസമയം, രാജ്യത്തെ മറ്റൊരു ദുരന്തത്തിലെക്ക് തള്ളിയിടാന്‍ ശാസ്ത്രജ്ഞര്‍ കണക്കുകളില്‍ കൃത്രിമം കാണിക്കുകയാവും എന്നൊരു ആരോപണവും രാഷ്ട്രീയ നേതാക്കളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.
ലണ്ടനിലും പരിസരത്തുള്ള കൗണ്ടികളിലും ടയര്‍-4 നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതോടെ ക്രിസ്ത്മസ്സ് ആഘോഷങ്ങള്‍ റദ്ദുചെയ്യേണ്ടിവരുമെന്ന കാര്യം ഉറപ്പായി. ഇത് നിരവധി ജനങ്ങളെ കൂട്ടത്തോടെ നഗരം വിട്ടുപോകാന്‍ പ്രേരിപ്പിക്കുകയാണ്. ഞായറാഴ്‌ച്ച പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നതിനു മുന്‍പ് നഗരം വിട്ടോടാന്‍ വെമ്ബുന്നവരുടെ നീണ്ട നിര സ്റ്റേഷനുകളിലും നിരത്തുകളിലും കാണാമായിരുന്നു. ക്രിസ്ത്മസ്സിനു നല്‍കിയിരുന്ന ഇളവുകളില്ലാതെയാകും എന്നതുമാത്രമല്ല നാടുവിട്ടോടാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്, നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുത്തതാവും എന്നതുകൂടിയാണ്.
നാടുവിടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഇന്നലെ ലണ്ടനില്‍ നിന്നും പുറത്തേക്കുള്ള ട്രെയിനുകളെല്ലാം നിറഞ്ഞുകവിഞ്ഞാണ് പോയിക്കൊണ്ടിരുന്നത്. തിരക്ക് വളരെയധികം ഉള്ളതിനാല്‍ ട്രെയിനില്‍ സാമൂഹിക അകലം പാലിക്കുക പ്രായോഗികമല്ലെന്ന് നേരത്തെ യാത്രക്കാരെ അറിയിച്ചിരുന്നു. ഇതില്‍ അസൗകര്യം തോന്നുന്നവര്‍ യാത്ര ഒഴിവാക്കണമെന്നും അറിയിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലണ്ടന്‍ നഗരത്തെ കുടിയിറക്കാന്‍ ബോറിസ് ജോണ്‍സനാണ് കഴിഞ്ഞതെന്ന് ട്രോളുകളും ജനപ്രീതിയാര്‍ജ്ജിച്ചു.
രാത്രി 7 മണി ആയപ്പോഴേക്കും പാഡിങ്ടണ്‍, കിങ്സ് ക്രോസ്സ്, യൂസ്റ്റണ്‍ എന്നിവയുള്‍പ്പടെ ലണ്ടന്‍ നഗരത്തിലെ മിക്ക സ്റ്റേഷനുകളില്‍ നിന്നും ട്രെയിന്‍ ലഭ്യമല്ലാതായി. നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നതിനു മുന്‍പ് ലീഡ്സിലേക്കുള്ള അവസാന ട്രെയിനില്‍ കയറിപ്പറ്റാന്‍ ലണ്ടനിലെ സെയിന്റ് പാന്‍ക്രാസ് സ്റ്റേഷനില്‍ ക്യു നില്‍ക്കുന്ന ആയിരങ്ങളുടെ ചിത്രം പുറത്തുവന്നു. ആദ്യമാദ്യം ട്രെയിനില്‍ കയറിയവര്‍ സാമൂഹിക അകലം കാത്തുസൂക്ഷിക്കുവാന്‍ ശ്രമിച്ചിരുന്നെങ്കിലും, തിരക്ക് അമിതമായി വര്‍ദ്ധിച്ചതോടെ അത് അസധ്യമായി തീര്‍ന്നു.
റെയില്‍ മാത്രമല്ല റോഡ് ഗതാഗതവും ഇന്നലെ ദര്‍ശിച്ചത് ലണ്ടന്‍ നഗരം വിട്ടോടാന്‍ വെമ്ബുന്ന ആയിരങ്ങളുടെ തിരക്കാണ്. സ്വന്തം വാഹനങ്ങളിലും വാടകയ്ക്ക് എടുത്ത വാഹനങ്ങളിലുമായി പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്ന പാതിരാത്രിക്ക് മുന്‍പായി നഗരാതിര്‍ത്തി കടക്കുവാനുള്ള തത്രപ്പാടിലായിരുന്നു എല്ലാവരും.