കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പോസ്റ്ററുകളുടെ പ്രാധാന്യം വളരെ വലുതാണ്. എന്നാൽ കോട്ടയത്ത് ഒരു പോസ്റ്റർപോലുമില്ലാതെ മത്സരിച്ച സ്ഥാനാർഥി വൻ വിജയം നേടിയത് ചർച്ചയാകുന്നു. മാർക്‌സിസ്റ്റ് പാർട്ടിയുടെ ശക്തികേന്ദ്രമായ കുറിച്ചി പഞ്ചായത്തിൽനിന്ന് മത്സരിച്ചു വിജയിച്ച ബിജെപി സ്ഥാനാർഥി ബി.ആർ.മഞ്ജീഷ് ആണ് ഈ മാതൃകാ സ്ഥാനാർഥി.
തോൽക്കാനായി മത്സരിക്കുന്നുവെന്ന് ആക്ഷേപിച്ച് മഞ്ജീഷിനെതിരെ നെറ്റി ചുളിച്ചവർ നിരവധിയാണ്. പക്ഷേ, ജനമനസ്സുകളിൽ പതിഞ്ഞ മുഖം വോട്ടായി മാറി. തെരഞ്ഞെടുപ്പിൽ ഒരു പോസ്റ്റർപോലും ഒട്ടിക്കാതിരുന്നതിനും പ്രധാനപ്പെട്ട ഒരു കാരണമുണ്ടെന്നാണ് ബിജെപി ഐടി സെൽ പറയുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവാക്കേണ്ട പണം മുഴുവൻ മഞ്ജീഷ് വാർഡിലെ നിർധനനായ ഒരു വ്യക്തിക്ക് വീട് വയ്ക്കാൻ നൽകുകയായിരുന്നു. ഒമ്പതാം വാർഡ് പുളിമൂട്ടിൽനിന്ന് ജനവിധി തേടിയ ബി.ആർ.മഞ്ജീഷ് മുന്നൂറിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. വോട്ടെടുപ്പ് നടന്ന ദിവസം വോട്ടെടുപ്പ് കേന്ദ്രത്തിന് സമീപം തയ്യാറാക്കിയ താത്‌കാലിക ബൂത്തുകളിൽ മാത്രമാണ് ചുരുക്കം ചില പോസ്റ്ററെത്തിച്ചത്. ഇതും വേണ്ടെന്ന നിലപാടായിരുന്നു മഞ്ജീഷിനെന്ന് പ്രവർത്തകര്‍ പറയുന്നു.