കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തോല്‍വിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശവുമായി കെ. മുരളീധരന് എംപി. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ വിശദീകരണം പരസ്യമായി നിരാകരിച്ചാണ് മുരളീധരന് രംഗത്തെത്തിയത്.
തോറ്റാല്‍ തോറ്റെന്നു പറയണം, അതാണ് അന്തസ്. തോറ്റ ശേഷം ജയിച്ചുവെന്ന് പറഞ്ഞിട്ട് കാര്യമില്ല. കോണ്‍ഗ്രസില്‍ തൊലിപ്പുറത്തുള്ള ചികിത്സ അല്ല വേണ്ടതെന്നും കോണ്‍ഗ്രസിലെ ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു.സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പോലും തന്നോട് കൂടിയാലോചന നടത്തിയില്ല. വിളിക്കാത്ത സദ്യക്ക് ഉണ്ണാന്‍ പോകുന്ന ശീലം തനിക്കില്ല. അതിനാല്‍ വടകരയിലും വട്ടിയൂര്‍ക്കാവിലും മാത്രമാണ് താന്‍ ഇടപെട്ടത്. വടകരയില്‍ ജയിക്കാവുന്ന ഒരു ഡിവിഷന് വിവാദങ്ങളിലൂടെ നഷ്ടപ്പെടുത്തി. താന്‍ വോട്ട് ചെയ്തിടത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി ജയിച്ചിട്ടുണ്ടെന്നും മുരളീധരന് പറഞ്ഞു.
യുഡിഎഫില്‍ ഐക്യമില്ല. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തെ പോലത്തെ മികച്ച പ്രതിപക്ഷ നേതാക്കന്മാര് ഇന്ന് കോണ്‍ഗ്രസിലില്ലെന്നും മുരളീധരന് ആഞ്ഞടിച്ചു. സംസ്ഥാനത്ത് ബിജെപി യുടെ വളര്‍ച്ച കണാതെ പോകരുതെന്നും മുരളീധരന് പറഞ്ഞു.