ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തിന് ശക്തിപകരാന്‍ രാജ്യത്തെ മുഴുവന്‍ കര്‍ഷകരും തെരുവിലിറങ്ങണമെന്ന് ആഹ്വാനം ചെയ്ത് ആക്ടിവിസ്റ്റ് അണ്ണാ ഹസാരെ. ഇത് എല്ലായ്പ്പോഴും സംഭവിക്കുന്ന ഒരു സമരമല്ല. കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താനുള്ള ശരിയായ സമയമാണിത് -അണ്ണാ ഹസാരെ പറഞ്ഞു.
2017 മുതല്‍ മോദി സര്‍ക്കാര്‍ തനിക്ക് കാര്‍ഷിക മേഖലയെ സംബന്ധിച്ച് നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഒന്നുപോലും നടപ്പാക്കിയില്ല. 2017ലും 2019ലും താന്‍ കേന്ദ്ര കൃഷി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് കത്തിലൂടെ അറിയിച്ചിരുന്നു. സ്വാമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും സി.എ.പി.സിക്ക് സ്വയംഭരണം നല്‍കണമെന്നുമുള്ള തന്‍റെ നിര്‍ദേശം നടപ്പാക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു.എന്നാല്‍ ഇതും യാഥാര്‍ഥ്യമായില്ല.
നിലവിലെ കര്‍ഷകപ്രക്ഷോഭം രാജ്യം മുഴുവന്‍ വ്യാപിക്കണം. സര്‍ക്കാറിന്‍റെ മൂക്കിന് നുള്ളിയാല്‍ വായ് തുറക്കും. എല്ലാ കര്‍ഷകരും തെരുവിലിറങ്ങണം. കര്‍ഷകരുടെ പ്രശ്നത്തിന് എല്ലാക്കാലത്തേക്കുമായി പരിഹാരം കാണണം -ഹസാരെ പറഞ്ഞു.
2011ല്‍ ജന്‍ ലോക്പാല്‍ ബില്ലിന് വേണ്ടി ഡല്‍ഹിയില്‍ മരണം വരെ നിരാഹാര സമരം പ്രഖ്യാപിച്ചതോടെയാണ് അണ്ണാ ഹസാരെ ശ്രദ്ധേയനായത്. അന്ന് രാജ്യവ്യാപക പിന്തുണ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.