യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ മുതിര്‍ന്ന മുസ്ലീം ലീഗ് പികെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാകാന്‍ സാധ്യതയുണ്ടെന്ന് നടന്‍ ജോയ് മാത്യു പറയുന്നു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലീഗിന്റെ ഭാഗത്ത് നിന്ന് ശക്തമായ അവകാശപ്പെടലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയെങ്കിലുമാകുമെന്നാണ് പ്രവചിക്കുന്നത്.
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ക്ക് ക്ഷാമമില്ല. രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിയ്ക്കും പുറമെ കെ മുരളീധരനും മുല്ലപ്പള്ളി രാമചന്ദ്രനും മുഖ്യമന്ത്രിക്കസേരയില്‍ താല്‍പര്യമുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ തല്ലി പിരിയുമെന്നും ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു.ജോയ് മാത്യു പറഞ്ഞ വാക്കുകള്‍;
“പി കെ കുഞ്ഞാലിക്കുട്ടിക്ക് മുഖ്യമന്ത്രി സാധ്യതയുണ്ട്. കമറുദ്ദീന്‍ വിഷയം ഇല്ലായിരുന്നെങ്കില്‍ മുസ്ലീം ലീഗിന് ഭയങ്കരമായ സാധ്യതയുണ്ടായിരുന്നു. കമറുദ്ദീന്‍ വിഷയം ലീഗിനെ ഭയങ്കരമായി നാണം കെടുത്തി. അവര്‍ ചെയ്യേണ്ടിയിരുന്നത് ആ എംഎല്‍എയെ പിടിച്ച് പുറത്താക്കുകയും പറ്റിച്ച പണം ജനങ്ങള്‍ക്ക് കൊടുക്കാമെന്ന് പാര്‍ട്ടി ഏല്‍ക്കുകയും ചെയ്താല്‍ മതിയായിരുന്നു. ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള നടപടി പകരം വീട്ടലിന്റെ ഭാഗമാണ്. പ്രതിപക്ഷത്തെ ഒതുക്കണമെങ്കില്‍ എന്തെങ്കിലും ഭരണകക്ഷിക്ക് വേണം. ഇബ്രാഹിംകുഞ്ഞിനെ എന്നേ അറസ്റ്റ് ചെയ്യേണ്ടതാണ്. എന്താണിത്ര വൈകിച്ചത്. കൂടെയുണ്ടായിരുന്നു ടി ഒ സൂരജ് അകത്ത് കിടന്നു. അതൊക്കെ അഡ്ജസ്റ്റ്‌മെന്റില്‍ അങ്ങ് പോയതാണ്. ഒരു ഘട്ടം വന്നപ്പോ അതൊക്കെ ചെയ്‌തേ പറ്റൂ എന്ന അവസ്ഥ വന്നു. മുഖം രക്ഷിക്കാന്‍. അല്ലെങ്കില്‍ പിറ്റേ ദിവസം തന്നെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യേണ്ടതല്ലേ? യുഡിഎഫ് അധികാരത്തില്‍ വരികയാണെങ്കില്‍ തന്നെ ലീഗിന്റെ ഭയങ്കരമായ ഒരു ഡിമാന്‍ഡ് ഉണ്ടാകും. അപ്പോ കുഞ്ഞാലിക്കുട്ടിക്ക് ചിലപ്പോ നറുക്കുവീഴാന്‍ സാധ്യതയുണ്ട്. ഉപമുഖ്യമന്ത്രിയായിട്ടാകാം.
ഇപ്പോഴത്തെ പ്രതിപക്ഷം വളരെ ശരിയാണെന്ന രീതിയിലാണ് കാര്യങ്ങള്‍ വന്നത്. പ്രതിപക്ഷ നേതാവ് ആദ്യമേ മുന്നോട്ടുവെച്ച കാര്യങ്ങള്‍ ആദ്യം പരിഹസിക്കപ്പെടുകയും തള്ളപ്പെടുകയും അയാള്‍ അപഹാസ്യനാക്കപ്പെടുകയുമൊക്കെ ചെയ്‌തെങ്കിലും സ്പ്രിങ്കഌ, ലൈഫ് മിഷന്‍ ഒക്കെ ഒന്നൊന്നായി തെളിയിക്കപ്പെടുകയാണ്. അദ്ദേഹം പറഞ്ഞത് ശരിയാണെന്നാണ് വരുന്നത്. അതുകൊണ്ടുതന്നെ പ്രതിപക്ഷം വെറുതെ ആരോപണം ഉന്നയിക്കുന്നതല്ലായെന്നും അവര്‍ക്കതിന് അടിത്തറയുണ്ടെന്നും മനസിലായി. പ്രതിപക്ഷം വളരെ പോസിറ്റീവായാണ് പെരുമാറിയിട്ടുള്ളത്.
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിമാര്‍ക്ക് ക്ഷാമമില്ല. എത്ര ആളുകള്‍ കാത്തുനില്‍ക്കുന്നു. കെ മുരളീധരന്‍ കാത്തുനില്‍ക്കുന്നു. മുല്ലപ്പള്ളി രാമചന്ദ്രനുണ്ട്. ആര്‍ക്കാണ് അധികാര കസേര ഇഷ്ടമില്ലാത്തത്. അതാണ് കോണ്‍ഗ്രസിന്റെ ദുരന്തവും. ഇവര്‍ തമ്മില്‍ അടികൂടി പിരിയും.”