തിരുവനന്തപുരം: ബംഗാള്‍ ഉല്‍ക്കടലില്‍ രൂപംകൊണ്ട ന്യുനമര്‍ദ്ദം അതി തീവ്ര ന്യുനമര്‍ദ്ദമായി മാറി ഇന്ന് രാത്രിയോടെ ബുറെവി ചുഴലിക്കാറ്റായി മാറാന്‍ സാധ്യത. ബുധനാഴ്‌ച വൈകിട്ടോടെ ശ്രീലങ്ക തീരത്ത് പ്രവേശിക്കുന്ന ചുഴലിക്കാറ്റ് തുടര്‍ന്ന് ശക്തി കുറഞ്ഞു ചുഴലിക്കാറ്റായി തന്നെ കോമറിന്‍ കടലില്‍ പ്രവേശിച്ചു ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റംവഴി അറബിക്കടലിലേക്ക് പ്രവേശിക്കാനാണ് സാധ്യത.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കേരളത്തില്‍ സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ളതിനാല്‍ മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. റവന്യൂ, പോലീസ്, അഗ്നിരക്ഷാ സേന, ഫിഷറീസ് വകുപ്പ്, ജലസേചന വകുപ്പ്, വൈദ്യുതി വകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവര്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തണം.കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നതിന് പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ മത്സ്യബന്ധനത്തിന് കടലില്‍ പോയിട്ടുള്ളവര്‍ എത്രയും പെട്ടെന്ന് അടുത്തുള്ള സുരക്ഷിത തീരത്തേക്ക്‌എത്തണമെന്ന മുന്നറിയിപ്പ് ഫിഷറീസ് വകുപ്പും കോസ്റ്റല്‍ പോലീസുംമത്സ്യതൊഴിലാളി സമൂഹത്തെ അറിയിക്കണം. ഇതിനായി മത്സ്യബന്ധന തുറമുഖങ്ങളിലും മത്സ്യബന്ധന ഗ്രാമങ്ങളിലും അനൗണ്‍സ്‌മെന്റ് ഉള്‍പ്പെടെയുള്ളവ നടത്തണം.
ഡിസംബര്‍ രണ്ടിന് വൈകിട്ടോടെയും മൂന്നിനും സംസ്ഥാനത്തെ നാല് ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച കന്യാകുമാരി തീരം തൊടുന്ന ചുഴലിക്കാറ്റിനെത്തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും
രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേന, കോസ്റ്റല്‍ ഗാര്‍ഡ്, വ്യോമസേന എന്നിവരോട് കപ്പലുകളും ഹെലികോപ്റ്ററുകളും സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര ദുരന്ത പ്രതികരണസേനയുടെ ഏഴ് സംഘങ്ങളെക്കൂടി ആവശ്യപ്പെട്ടു. മറ്റ് കേന്ദ്രസേനകളോടും സജ്ജരായിരിക്കാന്‍ നിര്‍ദേശം നല്‍കി. ശബരിമലയില്‍ പ്രത്യേകജാഗ്രത പുലര്‍ത്തും. അതിതീവ്രമഴയുണ്ടായാല്‍ ചെറിയ അണക്കെട്ടുകള്‍ തുറക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡാമുകളുടെ സമീപത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. തീര്‍ത്ഥാടന കാലം കണക്കിലെടുത്ത് പമ്ബ, മണിമല, അച്ചന്‍കോവില്‍ എന്നിവിടങ്ങളിലും ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്.
ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തെക്കന്‍ ജില്ലകളിലെ ഡാമുകളിലും റിസര്‍വ്വോയറുകളിലും ജാഗ്രത വേണമെന്ന് കേന്ദ്ര ജല കമ്മിഷന്‍ അറിയിച്ചു. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരത്തെ നെയ്യാര്‍ റിസര്‍വോയര്‍, കൊല്ലം കല്ലട റിസര്‍വ്വോയര്‍ എന്നിവിടങ്ങളിലും പത്തനംതിട്ട കക്കി ഡാം എന്നിവിടങ്ങളില്‍ ജാഗ്രത വേണമെന്നും ജലനിരപ്പ് ക്രമീകരിച്ചില്ലെങ്കില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നതിന് ഇടയാക്കുമെന്ന് കേന്ദ്ര ജലകമ്മിഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. ‘