ബിജെപി ഭരിയ്ക്കുന്ന കൂടുതല്‍ സംസ്ഥാനങ്ങള്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിയമങ്ങളുമായി രംഗത്ത്. ഉത്തര്‍പ്രദേശിലെ നിയമ നിര്‍മാണത്തിന്റെ ചുവട് പിടിച്ച് മധ്യപ്രദേശ്, അസം, ഹരിയാന, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങള്‍ അടുത്ത മാസം തന്നെ ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിയ്ക്കും. പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹിതരാകണമെങ്കില്‍ അവരുടെ മതം നിര്‍ബന്ധമായും വെളിപ്പെടുത്തണം എന്ന ശക്തമായ വ്യവസ്ഥ കൂടി ഉള്‍പ്പെടുന്നതാണ് അസാമിലെ നിര്‍ദ്ദിഷ്ട ബില്ല്. അതേസമയം, ഉത്തര്‍പ്രദേശിന് പിന്നാലെ നിര്‍ബന്ധിത മതപരിവര്‍ത്തനാരോപണത്തില്‍ മധ്യപ്രദേശിലും ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു.
നിര്‍ബന്ധിത മത പരിവര്‍ത്തന ബില്ല് ആദ്യം വിജ്ഞാപനം ചെയ്യാന്‍ പറ്റാത്തതിലെ ഖേദം ബിജെപി ഭരിയ്ക്കുന്ന പല സംസ്ഥാനങ്ങള്‍ക്കും ഉണ്ട്.കൂടുതല്‍ ശക്തമായ നിര്‍ദേശങ്ങള്‍ പരിഗണനയിലുള്ള നിര്‍ദ്ദിഷ്ട ബില്ലുകളില്‍ ഉള്‍പ്പെടുത്തി ഇത് മറികടക്കാന്‍ ആണ് ഇത്തരം സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമം. അസാമില്‍ നടപ്പാന്‍ തീരുമാനിച്ച ബില്ലിന്റെ കരട് ആണ് ഏറ്റവും അവസാനത്തെതായി ഈ വിധത്തില്‍ തയാറായത്. ബില്ല് സംസ്ഥാനത്തെ സ്ത്രീശാക്തീകരണ ലക്ഷ്യത്തിന്റെ ഭാഗമാണെന്ന് അസാം ധനകാര്യമന്ത്രി ഹിമന്ത് ബിശ്വ പറഞ്ഞു. അസമിലെ വിവാഹനിയമങ്ങളില്‍ ആണ് ബില്ല് കാതലായ മാറ്റങ്ങള്‍ വരുത്തുക. വിവാഹത്തിന് വധുവിന്റെയും വരന്റെയും മതവും വരുമാനവും നിര്‍ബന്ധമായി രേഖപ്പെടുത്തണം എന്നതാണ് പുതിയ നിര്‍ദേശം. മധ്യപ്രദേശിലെ നിയമത്തില്‍ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് മിഷണറി പ്രപര്‍ത്തനങ്ങളെ ആണ്. എസ്.ടി വിഭാഗത്തിലെ ആളുകളോ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിയ്ക്കുന്നത് ഇപ്രകാരം ഗുരുതര കുറ്റമാകും.
ഉത്തര്‍ പ്രദേശിന് പിന്നാലെ ഇന്നലെ മധ്യപ്രദേശിലും നിര്‍ബന്ധിത മതപരിവര്‍ത്തന നിയമമനുസരിച്ച് ആദ്യ അറസ്റ്റ് നടന്നു. യുവാവിന്റെ ഭാര്യ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഹരിയാനയിലും ഹിമചലിലും ഡിസംബര്‍ അവസാനവാരം നിര്‍ബന്ധിതമതപരിവര്‍ത്തന ബില്ലുകള്‍ വിജ്ഞാപനം ചെയ്യും. കര്‍ണാടകയിലും ഈ മാസംതന്നെ ബില്ല് ഓര്‍ഡിനന്‍സായി വിജ്ഞാപനം ചെയ്യാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിയ്ക്കുന്നത്.